രാജ്യത്ത് കോവിഡ് പ്രതിദിന രോഗബാധ 11000 കടന്നു; തരംഗ സാധ്യത തള്ളി ആരോഗ്യവിദഗ്ദ്ധർ

രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് 11000 കടന്നു. 11109 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയി റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നു.

അടുത്ത പത്ത് മുതൽ പന്ത്രണ്ട് ദിവസം വരെ കോവിഡ് കേസുകൾ ഉയർന്നു നിൽക്കുമെങ്കിലും ഒരു തരംഗം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. നിലവിൽ ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടുന്നുണ്ട്.

രാജ്യത്തെ ആശുപത്രികളിൽ ഐസിയു കിടക്കകൾ അടക്കം സൗകര്യങ്ങൾ ഒരുക്കി കോവിഡിനെ നേരിടാൻ സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 

Summary: Covid cases crossed 11000 per day in India

Exit mobile version