പ്രധാനമന്ത്രിയെ വിമർശിക്കുന്നതിന്റെ പേരിൽ കേസ് നൽകി വേട്ടയാടുകയാണ്: രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ

സൂറത്ത്: അപകീർത്തി കേസിലെ രാഹുൽ ഗാന്ധിക്ക് എതിരായ വിധി സ്റ്റേ ചെയ്യണമെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനായ ആർഎസ് ചീമയാണ് രാഹുൽഗാന്ധിക്കായി കോടതിയിൽ ഹാജരായത്. അപ്പീലിൽ തീർപ്പു കൽപ്പിക്കും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണം എന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ രാഹുൽ നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ജഡ്ജി റോബിൻ മൊഗേരയുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.

ഗുരുതരകുറ്റം അല്ലാത്തതിനാൽ കേസിന്റെ കാര്യത്തിൽ കടുംപിടുത്തം പാടില്ല എന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.

കേസിൽ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾ ഇപ്രകാരമാണ്: ‘കേസിന്റെ മെറിറ്റ് പരിശോധിച്ചു കോടതി തീരുമാനമെടുക്കണം. കോടതിയുടെ തീരുമാനങ്ങൾ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ കൂടി പരിഗണിക്കണം. പത്തുവർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളല്ലെങ്കിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ നൽകുന്നത് വൈകിപ്പിക്കേണ്ടതില്ല എന്ന് സുപ്രീം കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. കുറ്റക്കാരൻ ആണെന്ന് വിധിക്ക് പിന്നാലെ രാഹുലിന് തന്റെ മണ്ഡലം നഷ്ടമായി. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടു. ഇത് പ്രത്യേക സാഹചര്യമായി പരിഗണിക്കണം. റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച എംപിയാണ് ഇപ്പോൾ അയോഗ്യാക്കപ്പെട്ടത്. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത അത്രയും വലിയ നഷ്ടമാണിത്. ലോക്സഭയുടെ കാലാവധി പൂർത്തിയാക്കും വരെ തുടരാൻ അനുവദിക്കണം. കേസിൽ അപാകതകൾ ഉണ്ട്’

സൂറത്തിൽ വച്ചല്ല പ്രസംഗം നടന്നതെന്നും പരാതികാരനല്ല മാനനഷ്ടമുണ്ടായ വ്യക്തിയായി പറയുന്നതെന്നും പരാതിക്കാരന്റെ പേരെടുത്ത് രാഹുൽ ഗാന്ധി ഒരിടെത്തും പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.

മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്. കോലാറിലെ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തിലാണ് കേസെടുത്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് വിവാദമായത്.

Summary: Rahul Gandhi’s lawyer asked the court to stay the judgment against Rahul Gandhi in the defamation case

Exit mobile version