ഹൂഗ്ലി നദിക്കടിയിലൂടെ ഇനി മെട്രോ ഓടും; പരീക്ഷണയോട്ടം വിജയകരം

രാജ്യത്ത് നദിക്ക് താഴെക്കൂടി ഓടുന്ന ആദ്യത്തെ മെട്രോ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കൊല്‍ക്കത്ത മെട്രോ. ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച നടത്തിയ പരീക്ഷണയോട്ടത്തില്‍ ഉദ്യോഗസ്ഥരും ബോര്‍ഡ് എഞ്ചിനീയര്‍മാരും പങ്കെടുത്തിരുന്നു.

അടുത്ത ഏഴ് മാസം ഹൗറ മൈതാനത്തിനും എസ്പ്ലനേഡ് സ്റ്റേഷനുമിടയില്‍ മെട്രോ പരീക്ഷണയോട്ടം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 4.8 കിലോമീറ്റര്‍ ദൂരപരിധിയിലായിരിക്കും പരീക്ഷണം. അതിന് ശേഷം പൊതുജനങ്ങള്‍ക്കായി മെട്രോ തുറന്നുകൊടുക്കുമെന്നും മെട്രോ ജനറല്‍ മാനേജര്‍ പി ഉദയ് കുമാര്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് അത്യാധുനിക ഗതാഗത സംവിധാനം നല്‍കിയ വിപ്ലവകരമായ ചുവടുവെപ്പാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന മെട്രോയാണ് കൊല്‍ക്കത്തയിലേത്. സമുദ്രോപരിതലത്തില്‍ നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍ നിന്ന് 32 മീറ്റര്‍ താഴ്ചയില്‍ സ്ഥിതി ചെയ്യുന്ന തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനുള്ളില്‍ 520 മീറ്റര്‍ യാത്ര ചെയ്യാനാകും.

Exit mobile version