ചാമ്പ്യൻസ് ലീഗ്; ബയേൺ മ്യൂണിക്കിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

യുഫേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണികിന് മേല്‍ കനത്ത വിജയം നേടി മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആണ് പെപ് ഗാര്‍ഡിയോളയുടെ ടീം ജയിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയോട് ഒരു ഗോളിന് തോറ്റതിന് തോമസ് ടൂഹലിന് എതിരെ ഗാര്‍ഡിയോളയുടെ പ്രതികാരം കൂടിയായി ആദ്യപാദത്തിലെ ഈ ജയം. മികച്ച പോരാട്ടംത്തോടുകൂടിയാണ് ഇരുവരും കളി തുടങ്ങിയത്. ഇടക്ക് കിട്ടിയ അവസരങ്ങളില്‍ ബയേണും സിറ്്‌റിയും അപകടകാരികള്‍ ആയി. 27 മത്തെ മിനിറ്റില്‍ സിറ്റി അര്‍ഹിച്ച ഗോള്‍ പിറന്നു. 30 വാര അകലെ നിന്നു സില്‍വയുടെ പാസില്‍ നിന്നു റോഡ്രിയുടെ ലോകോത്തര ഇടത് കാലന്‍ അടി ബയേണിന്റെ വലയില്‍ പതിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആയുള്ള തന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ അതുഗ്രന്‍ ഷോട്ടിലൂടെ സ്പാനിഷ് താരം നേടുക ആയിരുന്നു. ഇടക്ക് ഡി ബ്രുയ്‌ന്റെ ക്രോസ് തെറ്റായി കണക്ക് കൂട്ടിയ ഉപമകാനോക്ക് പിഴച്ചപ്പോള്‍ ലഭിച്ച അവസരത്തില്‍ ഗുണ്ടോഗന്റെ ഷോട്ട് നിലത്ത് കിടന്നു ആണ് സൊമ്മര്‍ രക്ഷിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മുന്‍തൂക്കം സിറ്റി നേടിയെങ്കിലും ബയേണിന്റെ മികവും ആദ്യ പകുതിയില്‍ കാണാന്‍ ആയി. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ തന്നെ മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ലീറോയ് സാനെയുടെ മികച്ച ഷോട്ട് എഡേഴ്‌സന്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് രണ്ടു തവണയും സാനെ ഉതിര്‍ത്ത മികച്ച ഷോട്ടുകള്‍ സിറ്റി ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ഇടക്ക് കോര്‍ണറില്‍ നിന്നു ഡിയാസ് ഉതിര്‍ത്ത ഷോട്ട് സൊമ്മറും രക്ഷിച്ചു. 70 മത്തെ മിനിറ്റില്‍ ഉപമകാനോയുടെ വമ്പന്‍ പിഴവ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

ഉപമകാനോയില്‍ നിന്നു എതിര്‍ ബോക്‌സിനു അരികില്‍ നിന്നു പന്ത് തട്ടിയെടുത്ത ഗ്രീലീഷ് അത് മികച്ച ബാക് ഹീല്‍ പാസോടെ ഹാളണ്ടിനു മറിച്ചു നല്‍കിസ് തുടര്‍ന്ന് ഹാളണ്ടിന്റെ ഉഗ്രന്‍ ക്രോസില്‍ നിന്നു ഹെഡറിലൂടെ ബെര്‍ണാര്‍ഡോ സില്‍വ സിറ്റിയുടെ രണ്ടാം ഗോള്‍ നേടുക ആയിരുന്നു. തൊട്ടടുത്ത നിമിഷത്തില്‍ മറ്റൊരു ഉപമകാനോ പിഴവില്‍ നിന്നു സിറ്റി ഉണ്ടാക്കിയ അവസരം സൊമ്മര്‍ കഷ്ടിച്ച് ആണ് രക്ഷിച്ചത്. എന്നാല്‍ 76 മത്തെ മിനിറ്റില്‍ സിറ്റി ജയം പൂര്‍ണമാക്കി. ഷോര്‍ട്ട് കോര്‍ണറില്‍ നിന്നു സ്റ്റോണ്‍സ് ഹെഡ് ചെയ്തു നല്‍കിയ പന്ത് വലയില്‍ എത്തിച്ച ഹാളണ്ട് സിറ്റിക്ക് വമ്പന്‍ ജയം സമ്മാനിക്കുക ആയിരുന്നു. വീണ്ടും സൊമ്മറിന്റെ മികവ് ഇല്ലായിരുന്നു എങ്കില്‍ കനത്ത തോല്‍വി ആയേനെ ബയേണിനെ കാത്തിരുന്നത്. അവസാനം സാദിയോ മാനെ, തോമസ് മുള്ളര്‍ എന്നിവരെ ഇറക്കിയിട്ടും ബയേണിന് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ആയില്ല. ഇനി രണ്ടാം പാദത്തില്‍ ജര്‍മ്മനിയില്‍ അത്ഭുതം സംഭവിച്ചില്ല എങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റി അനായാസം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തും എന്നുറപ്പാണ്. അപ്രില്‍ 19 ന് ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയിലാണ് രണ്ടാം പാദ മത്സരം.

Summary: Manchester City Defeats Bayern Munich in Champions League

Exit mobile version