കാല്പനികതയുടെ മാന്ത്രികത നമുക്ക് സമ്മാനിച്ച മഹാകവി കുമാരനാശാന് 150-ാം ജന്മദിനം. മനുഷ്യ ചിന്തയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ കാല്പനികതയെ ആശാൻ ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹിമ. ഏതാണ്ട് നൂറ് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം എഴുതി വച്ചവയെല്ലാം ഇന്നും പ്രസക്തമായവ തന്നെയാണ്.
സ്നേഹം, കരുണ, നന്മ എന്നിവയെ സ്വന്തം കൃതികളിലൂടെ കാല്പനികമായ വരച്ചിട്ടു. ഒപ്പം സമൂഹത്തിന്റെ മാലിന്യങ്ങൾക്ക് എതിരെ തൂലിക പടവാളാക്കി പോരാടി. ആശാന്റെ കൃതികള്‍ കേരളീയ സാമൂഹികജീവിതത്തില്‍ വലിയ മാറ്റങ്ങൾ വരുത്തുവാന്‍ ഇടയായിട്ടുണ്ട്. വീണപൂവ്, നളിനി ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ എന്നിവയാണ് ആശാന്റെ ചില മികച്ച രചനകൾ. ‘വീണപൂവി’ൽ ഒരു മനുഷ്യന്റെ ജീവിതകാലഘട്ടങ്ങളെ എത്ര മനോഹരമായാണ് അദ്ദേഹം വരിച്ചിട്ടിരിക്കുന്നത്.
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ കായിക്കര ഗ്രാമത്തിൽ തൊമ്മൻവിളാകം വീട്ടിലാണ് കുമാരു എന്ന കുമാരനാശാൻ ജനിച്ചത്. ഒമ്പതു മക്കളുള്ള അച്ഛനമ്മമാരുടെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. നിയമസഭാ മെമ്പർ, പ്രജാസഭ മെമ്പർ, തിരുവനന്തപുരം പഞ്ചായത്ത് കോടതി ജഡ്ജി, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി മെമ്പർ എന്നീ നിലകളില്‍ കുമാരനാശാന് പ്രവര്‍ത്തിച്ചിരുന്നു.
കുമാരനാശാൻ സ്വപ്നജീവിയായ ഒരു കവിയായിരുന്നില്ല. മറിച്ച് സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരമിടപഴകിക്കൊണ്ടും അവയെ മാറ്റി തീർക്കാനുള്ള പരിശ്രമങ്ങളിലേർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. 1924 ജനുവരി 16 ന് പല്ലനയാറ്റില്‍ വച്ചുണ്ടായ റഡീമര്‍ ബോട്ടപകടത്തിലാണ് മലയാളത്തിന്റെ മഹാകവി വിടവാങ്ങിയത്.
Discussion about this post