SAY NO TO ഡ്രഗ്സ് കൊച്ചുകുട്ടികൾ പോലും പാടി നടക്കുന്ന സർക്കാരിൻ്റെ ലഹരി വിരുദ്ധ മുദ്രാവാക്യമാണിത്. മദ്യം, സിഗരറ്റ്, മയക്കുമരുന്ന്, പുകയില വസ്തുക്കൾ തുടങ്ങി എല്ലാത്തിനോടും നോ പറയണമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. മദ്യവും സിഗരറ്റും സർക്കാര് വിൽക്കുമെങ്കിലും മറ്റ് പുകയില ഉത്പന്നങ്ങൾ സർക്കാരിന് ഹറാമാണ്. പാൻമസാല റെയ്ഡ് ചെയ്ത് പിടിക്കുന്നതാണ് എക്സൈസിന്റെ ഹോബി തന്നെ. ഇതൊക്കെ ഇപ്പോ എന്തിന് പറയുന്നെന്നാണോ. സേ നോ ടു ഡ്രഗ് ആറ്റിറ്റ്യൂഡിൽ സർക്കാർ ലേശം വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേന്നെ. സർക്കാർ തന്നെ പാൻമസാല ഉണ്ടാക്കി വില്ക്കുമെന്നാണ് കേൾക്കുന്നത്.
നമ്മുടെ സംസ്ഥാനത്തിന്റെ അന്നദാതാവ് പൊന്നുതമ്പുരാനും ഖജനാവിനെ “താങ്ങി” നിർത്തുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ബിവറേജസ് കോർപറേഷനൊപ്പം ല പുകയില ഉത്പന്നങ്ങളുടെ കച്ചവടം കൂടി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഈ ബജറ്റിൽ വിഭാവനം ചെയ്ത ‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയിൽ, കേരളത്തിൽതന്നെ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പാന്മസാല അടക്കം എട്ടിനം പുകയില ഉത്പന്നങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്.
അമ്പരന്ന് കണ്ണുതള്ളേണ്ട. കടത്തിൽ മുങ്ങിയ നാട്ടിന് പൈസ ഇല്ലോളം കിട്ടണമെങ്കി ഇതൊക്കെ ചെയ്യേണ്ടി വരും. പിന്നെ, സർക്കാർ പാൻമസാല ഉണ്ടാക്കിയാ കേസില്ലല്ലോ. പാവപ്പെട്ടവൻ വിൽക്കുമ്പോഴും ഉപയോഗിക്കുമ്പോഴുമല്ലേ കുറ്റമുള്ളൂ. റിപ്പോർട്ടുണ്ടാക്കിയ വിദഗ്ദ്ധർ വേറൊന്നു കൂടി പറയുന്നുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലേക്ക് ഒരു വർഷം 1689.81 കോടിയുടെ പുകയില ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വക സാധനങ്ങൾ എല്ലാം ഇവിടെ തന്നെ ഉത്പാദിപ്പിച്ചാൽ അത്രേം കോടി നമ്മുടെ സർക്കാരിന് കിട്ടുമല്ലോ എന്നാണ് വിദഗ്ദ്ധരുടെ ശുപാർശ.
മോട്ടോർവാഹന നിർമ്മാണം അടക്കം 24 മേഖലകളിൽ കേരളത്തിൽതന്നെ വ്യവസായം തുടങ്ങാമെന്ന് പറയുന്ന റിപ്പോർട്ടിലാണ് പാന്മസാലയുടെ സാധ്യതയും ഉൾപ്പെടുത്തിയത്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സർദ, കത്തയും ച്യൂവിങ് ലൈമും, പാന്മസാലയും അനുബന്ധ ഉത്പന്നങ്ങളും എന്നിവയാണ് പുകയില ഉത്പന്ന സാധ്യതാപട്ടികയിലുള്ളത്. പാന്മസാല വിൽക്കുന്നവർക്കെതിരേ നിയമപ്രകാരം എക്സൈസ്-ആരോഗ്യ വകുപ്പുകൾ അറഞ്ചം പുറഞ്ചം കേസെടുക്കാറുണ്ട്. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിനിടെയാണ് വിചിത്രമായ പുതിയ ശുപാർശ സർക്കാർ തന്നെ മുന്നോട്ട് വെയ്ക്കുന്നതെന്നതാണ് അയിന്റെ ഒരിത്. പ്രതിപക്ഷം ഇതൊന്നും അറിഞ്ഞില്ലേ എന്തോ