അനുഗ്രഹം തേടിയെത്തിയ ബാലനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ, വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് 87 കാരനായ ദലൈലാമ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ദലൈലാമയുടെ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ചത്.
പൊതുപരിപാടിക്കിടെ ആലിംഗനം തേടിയെത്തിയ കുട്ടിയെയാണ് ദലൈലാമ ചുംബിച്ചത്. കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ കുട്ടിയുടെ നെറ്റിയിൽ സ്പർശിക്കുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതു കണ്ടിരിക്കുന്ന സദസിലുള്ളവർ കയ്യടിക്കുന്നതും ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിനു ശേഷമാണ് തൻ്റെ നാവിൽ നക്കാൻ കഴിയുമോ എന്നു ദലൈലാമ കുട്ടിയോടു ചോദിച്ചത്. ദലൈലാമയുടെ പ്രവർത്തി വെറുപ്പുളവാക്കുന്നതാണെന്നും നീതികരിക്കാനാകാത്ത കാര്യമാണെന്നും വിമർശനം ഉയർന്നിരുന്നു. അദ്ദേഹത്തെ അറസ്റ്റു ചെയ്യണമെന്നും ഒരു കൂട്ടർ ആവശ്യപ്പെട്ടിരുന്നു.
സമാധാന നോബേൽ ജേതാവായ ദലൈലാമ മുമ്പും വിവാദത്തിൽപ്പെട്ടിട്ടുണ്ട്. 2019ൽ തൻ്റെ പിൻഗാമി ഒരു സ്ത്രീ ആയിരുന്നെങ്കിൽ അവൾ കൂടുതൽ ആകർഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമർശം വിവാദമായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നത്. അടുത്തിടെ എട്ടു വയസുകാരനായ മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി ദലൈലാമ തെരഞ്ഞെടുത്തിരുന്നു.
Discussion about this post