കോട്ടയം: ജോസ് കെ മാണിയുടെ മകൻ പ്രതിയായ മണിമലയിലെ വാഹനാപകടത്തിൽ പോലീസ് ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കോട്ടയം എസ് പി കെ കാർത്തിക് പറഞ്ഞു. സംഭവം നടന്ന അന്ന് രാത്രി തന്നെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് എസ് പി അറിയിച്ചു.
കേസിൽ അറസ്റ്റിലായ ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ പേര് ആദ്യ എഫ്‌ഐആറിൽ ഇല്ലെന്ന് ആരോപണങ്ങൾ ഇതിനോടകം ഉയർന്നിരുന്നു. ഇയാളുടെ രക്തസാമ്പിൾ എടുത്തില്ലെന്നും രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമമെന്നുമായിരുന്നു പരാതി. ഇത് സംബന്ധിച്ചു അന്വേഷണം ഉണ്ടാകുമെന്നും എസ പി പറഞ്ഞു.
ഇതിനോടകം കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ലൈസൻസ് റദ്ദാക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് മണിമല ബിഎസ്എൻഎൽ ഓഫീസിന് സമീപം വാഹനാപകടം നടന്നത്. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ ജിസ് (35), ജിൻസ് ജോൺ (30) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഇന്നോവക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്‌കൂട്ടർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.