വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച് അവശനാക്കി എറണാകുളത്തു റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ലക്ഷ്മി പ്രിയയാണ് അറസ്റ്റിലായത്. കേസില്‍ ഒന്നാം പ്രതിയായ യുവതി ഇന്നലെ രാത്രിയോടെയാണ് തിരുവനന്തപുരത്തു വെച്ച് പിടിയിലാകുന്നത്. സംഭവത്തിന് ശേഷം ലക്ഷ്മി പ്രിയ ഒളിവില്‍ പോയിരുന്നു.
സംഭവത്തില്‍ എറണാകുളം സ്വദേശി അമല്‍ (24) നേരത്തെ പിടിയിലായിരുന്നു. ഇയാള്‍ കേസില്‍ എട്ടാം പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. തിരുവനന്തപുരം അയിരൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പ്രണയ ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ തയ്യാറാകാതിരുന്നതോടെ കാമുകി നല്‍കിയ ക്വട്ടേഷനാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്നു ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.