നിങ്ങൾക്ക് എബിസീഡി അറിയാമോ? കോളേജിൽ പോയിട്ടുണ്ടോ? നിങ്ങക്ക് ഡിഗ്രിയുണ്ടോ ഡിഗ്രി? ആഹാ.. എന്നാൽ അതൊന്നു കാണിക്ക്. ഞങ്ങളൊക്കെ ഒന്നു കാണട്ടെ.
തെറ്റിദ്ധരിക്കേണ്ട. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കല്ല. നമ്മുടെ പ്രതിപക്ഷം സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കുന്ന ചോദ്യം നാടൻ ഭാഷയിൽ പറഞ്ഞെന്നേയുള്ളൂ.
തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇപ്പോ രാജ്യത്തില്ലേ എന്നൊരു സംശയം സാധാരക്കാരനു തോന്നാം. ശ്…അതൊക്കെ വെറുതേ തോന്നുന്നതാ. അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത നാടാണ് നമ്മുടേത്. ബിരുദ സർട്ടിഫിക്കറ്റ് മാത്രമാണ് ഇപ്പോൾ ഇവിടത്തെ വിഷയം.
വലിയ വിഷയങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുതെന്നാണ് നിയമപ്രകാരമുള്ള മുന്നറിയിപ്പ്.
ഏത്….
റോമാനഗരം എരിഞ്ഞപ്പോൾ വീണവായിച്ച മറ്റേ ചക്രവർത്തിയെപ്പറ്റി കേട്ടിട്ടില്ലേ. അതെ, നീറോ ചക്രവർത്തി. അതിനേക്കാൾ മാസാണ് നമ്മുടെ പ്രധാൻമന്ത്രീജീ.രാഹുൽഗാന്ധിക്കെതിരായ കോടതിവിധിയിലും മോദിയുടെ ബിരുദത്തിലും കയറിപ്പിടിച്ച് പ്രതിപക്ഷ സഖ്യം അലറി വിളിക്കുമ്പോൾ, മോദിജീ കൂളായി ഞായറാഴ്ച ആഘോഷത്തിലായിരുന്നു.
പണ്ടേ ഞായറാഴ്ച പുള്ളീടെ വീക്ക്നെസ്സാ. എവിടേങ്കിലുമൊക്കെ പോയി വെറൈറ്റി ഡ്രെസ്സൊക്കെ ഇട്ട് ഫോട്ടോ ഷൂട്ട് നടത്തലാണ് മോദിജിയുടെ ഇഷ്ടവിനോദം. ഫാൻസി ഡ്രെസ് എന്നൊക്കെ ശത്രുക്കൾ കളിയാക്കുമെങ്കിലും മോദിജിക്ക് നെവർ മൈൻഡ് ആറ്റിറ്റ്യൂഡാണ്.
അധികാരികൾ കുരിശിലേറ്റിയ യേശുക്രിസ്തുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിച്ച് മോദിജി ഇത്തവണ കട്ട സംഘികളെപ്പോലും ഞെട്ടിച്ചു. മടിയൻമാരായ ചിലർ അമ്പത് നോമ്പെടുക്കാതെ വീട്ടിലിരുന്ന് അപ്പവും മട്ടനും കഴിച്ച് ഈസ്റ്റർ ആഘോഷിച്ചപ്പോൾ മോദിജി ഞായരാഴ്ച രാവിലെ എണീറ്റ് പള്ളിയിൽപ്പോയി. കർത്താവിന്റെ മുന്നിൽ മെഴുകുതി കത്തിച്ചു. അച്ചൻമാരെയൊക്കെ കണ്ട് ആശീർവാദം വാങ്ങി.
ഇതൊന്നും പോരാഞ്ഞിട്ട്, ‘ഈസ്റ്റർ ദിനത്തിൽ, ഡൽഹിയിലെ ഏറ്റവും പുരാതനമായ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളെ ഞാൻ കണ്ടു. ചില ചിത്രങ്ങൾ ഇതാ’- എന്ന് ട്വീറ്റും ചെയ്തു.
പോരെ പൂരം, മോദിജിക്ക് പബ്ളിസിറ്റി തീരെ ഇഷ്ടമെല്ലന്ന് നമുക്കൊക്കെ അറിയാം. എങ്കിലും പള്ളിയിൽ മോദി നിൽക്കുന്ന പടങ്ങൾ കണ്ട് രാജ്യം മുഴുവൻ ഞെട്ടിത്തരിച്ചു. കട്ട ആർ എസ്സു സുകാരനായ മോദിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് പ്രതിപക്ഷം ഇരുന്നും കിടന്നും ഉരുണ്ടും കൂലങ്കുഷമായി ചർച്ച ചെയ്തു.
രാജ്യം മുഴുവൻ പള്ളിസന്ദർശന വാർത്ത കാട്ടുതീ പോലെ പരക്കവെ, മോദിജി നേരെ കാടുകയറി. ചുമ്മാ അങ്ങോട്ട് കയറിയതല്ല. സർവ സന്നാഹങ്ങളോടും കൂടിയായിരുന്നു കർണാടകയിലെ ബന്ദിപ്പൂർ കടുവസങ്കേതത്തിലേക്കുള്ള മോദിജിയുടെ യാത്ര.
കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്ലാഷ് ടീഷർട്ട്, ജാക്കറ്റ്, സൺഗ്ലാസ്, നീണ്ട ലെൻസുള്ള ക്യാമറ. എന്റേമ്മേ പൊളീയെന്ന് വച്ചാൽ മോദിജീടെ ലുക്ക് ഒരേ പൊളി.
ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂര് സന്ദര്ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദിജി. മൈസൂരുവിൽനിന്ന് ഹെലികോപ്റ്ററിലാണ് മോദിജി ബന്ദിപ്പൂരിലെത്തിയത്. വനംവകുപ്പ് പ്രത്യേകം ഒരുക്കിയ തുറന്നജീപ്പിൽ എസ്.പി.ജി. കമാൻഡോകളുടെ അകമ്പടിയിൽ വനത്തിനുള്ളിൽ കയറി. രാവിലെ ഒന്നരമണിക്കൂറോളം മോദിജി ഇവിടെ സഫാരി നടത്തി. കാട്ടാനയും കാട്ടുപോത്തും കൂട്ടത്തോടെ എത്തിയപ്പോൾ മോദിജിക്ക് ആവേശമായി. ഉടനെ മോദിജി വാഹനത്തിൽനിന്ന് ചാടിയിറങ്ങി ഇവയുടെ ചിത്രങ്ങൾ സ്വന്തം ക്യാമറയിൽ പകർത്തി. കണ്ടാ ഒരു വന്യജീവി ഫോട്ടോഗ്രാഫറാണെന്നേ തോന്നൂ. അത്ര എക്സീപിരിയൻസോടെയായിരുന്നു പടം പിടിക്കൻ.
ദൂരത്തുള്ള കാഴ്ചകളെല്ലാം ബൈനോക്കുലർ വച്ച് കണ്ടു. പക്ഷേ, എന്ത് പറയാനാ. വനത്തിൽ 22 കിലോമീറ്റർ സഫാരി നടത്തിയിട്ടും കടുവയെയോ പുള്ളിപ്പുലിയെയോ കാണാനുള്ള ഭാഗ്യം മോദിജിക്ക് ഉണ്ടായില്ല. അല്ലേലും ഒരു കാട്ടിൽ ഒരുസമയം ഒരു സിംഹം മതിയല്ലോ.
കഴിഞ്ഞില്ല, ഇതിനിടെ കർണാടകയിൽ നിന്ന് നേരെ തമിഴ്നാട്ടിലേക്ക് മോദിജി പറന്നു. നേരെ മുതുമലൈ തേപ്പക്കാട് ആനത്താവളത്തിലെത്തി. മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കർ നേടിയ ‘ദ് എലിഫന്റ് വിസ്പറേഴ്സിലെ’ ആനക്കാരായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച നടത്തി. ആനകളെ ഓമനിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
ഇങ്ങനെ ഓടിനടന്ന്, സോറി പറന്ന് നടന്ന് കാര്യങ്ങൾ ചുറുചുറുക്കോടെ ചെയ്യുന്ന
പ്രധാനമന്ത്രിയെ കിട്ടാൻ നമ്മളെന്തു പുണ്യം ചെയ്തോ ആവോ.
Discussion about this post