രാജ്യത്ത് ആശങ്ക പരത്തി കോവിഡ്; സംസ്ഥാനങ്ങളില്‍ തിങ്കളും ചൊവ്വയും മോക്ഡ്രില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും ഇന്നും നാളെയും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം കോവിഡ് തരംഗമോ മറ്റോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകളും ജനിതകശ്രേണീകരണവും വര്‍ധിപ്പിക്കണം.

സംസ്ഥാനങ്ങളില്‍ ഏത് വകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടെത്തണം. സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ഗര്‍ഭിണികള്‍, അറുപത് വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Exit mobile version