അര്‍ജന്റീന എന്ന ഫുട്‌ബോള്‍ രാജ്യം അവരുടെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നിസംശയം പറയാം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മൂന്ന് മേജര്‍ കിരീടങ്ങളാണ് അവര്‍ സ്വന്തമാക്കിയത്. ലയണല്‍ മെസിയുടെ കീഴില്‍ ഒത്തൊരുമയോടെ മുന്നേറിയാണ് അവര്‍ നേട്ടങ്ങള്‍ കൊയ്തത്. ഇപ്പോഴിതാ അര്‍ജന്റീന ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയാണ് ഒന്നാമത്. ചിരവൈരികളായ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ആറുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഫുട്ബോള്‍ ടീമായി മാറുന്നത്.
ഖത്തര്‍ ലോകകപ്പിനു ശേഷവും ബ്രസീലിന്റെ കയ്യില്‍ ഭദ്രമായിരുന്ന ഒന്നാം റാങ്കാണ് അര്‍ജന്റീന ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് റാങ്കിങ്ങില്‍ രണ്ടാമത്. പനാമയ്ക്കെതിരെയും കുറസാവോയ്ക്കെതിരെയും സൗഹൃദ മത്സരങ്ങളിലെ വമ്പന്‍ വിജയത്തോടെയാണ് അര്‍ജന്റീന ഒന്നാമതെത്തിയത്. അര്‍ജന്റീനയ്ക്ക് 1840.93 പോയന്റാണുള്ളത്. ഫ്രാന്‍സിന് 1838.45 ഉം ബ്രസീലിന് 1834.21 പോയന്റുമുണ്ട്. സൗഹൃദ മത്സരത്തില്‍ മൊറോക്കോയോട് തോറ്റതാണ് ബ്രസീലിന് തിരിച്ചടിയായത്. 6.56 റേറ്റിങ് പോയന്റ് ബ്രസീലിന് നഷ്ടമായി ബെല്‍ജിയം നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ലണ്ടാണ് അഞ്ചാമത്. അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ ഒന്നാമതെത്തുമെന്ന വാര്‍ത്തകള്‍ നേരത്തേ പ്രചരിച്ചിരുന്നു.ലോകകപ്പിന് പുറമേ ഫൈനലസ്സീമ, കോപ്പ അമേരിക്ക കിരീടങ്ങളും അര്‍ജന്റീന സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ കറുത്ത കുതിരകളായി മാറിയ മൊറോക്കോ 11-ാം സ്ഥാനത്തേക്ക് കുതിച്ചു. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മുന്നിലുള്ള രാജ്യവും മൊറോക്കോയാണ്. നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നീ ടീമുകളാണ് ആറുമുതല്‍ പത്തുവരെയുള്ള റാങ്കുകളില്‍. റാങ്കിങ്ങില്‍ ഇന്ത്യയും നേട്ടമുണ്ടാക്കി. 8.57 പോയന്റ് അധികം നേടിയ ഇന്ത്യ റാങ്കിങ്ങില്‍ 101-ാം സ്ഥാനത്തെത്തി. 1200.66 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്.