ഇനി കേരളാ സൂപ്പര്‍ ലീഗും

എട്ട് പ്രൊഫെഷണല്‍ ഫുട്ബോള്‍ ടീമുകളുമായി എത്തുന്ന കേരള സൂപ്പര്‍ ലീഗില്‍ (കെഎസ്എല്‍) നവംബറില്‍ പന്തുരുളും. എല്ലാ വര്‍ഷവും നവംബറില്‍ ആരംഭിച്ച് 90 ദിവസത്തെ കാലയളവില്‍ കേരളത്തിലെ നാല് വേദികളിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറെ സവിശേഷമായ ഈ ടൂര്‍ണമെന്റ് നടക്കുക. കെഎസ്എല്ലിനു ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഫുട്ബോള്‍ മേളയുടെ ലോഗോ തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. അര്‍ജുന അവാര്‍ഡ് ജേതാവും കെഎസ്എല്‍ ബ്രാന്‍ഡ് അംബാസഡറുമായ ഐ.എം. വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു. സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്ട്‌സ് സംഘടിപ്പിച്ച ചടങ്ങില്‍ ഐ.എം. വിജയന്‍ കെഎസ്എല്‍ ഔദ്യോഗികമായി കിക്ക്-ഓഫ് ചെയ്തു. കേരള സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി പന്ത് സ്വീകരിച്ചു.

കേരളത്തിന്റെ ഫുട്ബോള്‍ മേഖലയെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ കെഎസ്എല്ലിന് ആതിഥ്യം വഹിക്കുന്നതിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്എല്ലിലൂടെ കേരളത്തിന് സ്വന്തമായി അന്താരാഷ്ട്ര നിലവാരത്തിലെ ഫുട്‌ബോള്‍ ലീഗ് ലഭിച്ചതായി ഐ.എം. വിജയന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറത്ത് നിന്ന് രണ്ട് ടീം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍. കേരളത്തില്‍ നിന്നുള്ള പരിചയസമ്പന്നരും ഭാവിവാഗ്ദാനങ്ങളുമായ കളിക്കാരുടെയും അന്താരാഷ്ട്ര കളിക്കാരുടെയും സാന്നിധ്യം കൊണ്ട്, വരും വര്‍ഷങ്ങളില്‍ കേരള സൂപ്പര്‍ ലീഗ് കേരളത്തിലെ കളിക്കാരുടെ നിലവാരം ഉയര്‍ത്താന്‍ ഗണ്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version