തിരുവനന്തപുരം: അനിൽ ആൻറണിയെ കറിവേപ്പില പോലെ ബിജെപി പുറന്തള്ളുമെന്ന് സഹോദരൻ അജിത് ആൻറണി. തീർത്തും ദുഖകരമായ കാര്യമാണ് നടന്നതെന്നും അനിൽ ആന്റണി ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിലെന്നും അജിത് ആന്റണി പറഞ്ഞു. തെറ്റ് തിരുത്തി അനിൽ മടങ്ങിവരും എന്നാണ് തന്റെ പ്രതീക്ഷയെന്നും അജിത് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് കഴിഞ്ഞ കുറച്ചു നാളുകളായി മോശം അനുഭവമാണ് അനിലിന് കിട്ടിയിരുന്നതെന്ന് അജിത് ആന്റണി വെളിപ്പെടുത്തി. അതിൽ അനിൽ പ്രയാസപ്പെടുന്നുണ്ടായിരുന്നെനും കോൺഗ്രസിൽ നിന്നും വിട്ടുനിൽക്കുന്നതിനെ പറ്റി പറഞ്ഞിരുന്നെന്നും അജിത് വ്യക്തമാക്കി. എന്നാൽ ഇങ്ങനെയൊരു കടുത്ത തീരുമാനം പ്രതീക്ഷിച്ചില്ല എന്നും അജിത് ആന്റണി കൂട്ടിച്ചേർത്തു.
വാർത്ത അറിഞ്ഞതുമുതൽ എ കെ ആന്റണി വളരെ വിഷമത്തിൽ ആണെന്ന് അജിത് ആന്റണി പറഞ്ഞു. “ഇന്നേവരെ പപ്പയെ ഇത്ര ദുർബലനായി കണ്ടിട്ടില്ല. ഇന്നലെ ന്യൂസ് ഫ്ളാഷ് വന്നതോടെ പപ്പ വളരെ ദുർബലനായിട്ടാണ് മാറിയിരുന്നത്” അജിത് ആന്റണി പറഞ്ഞു.
കഴിഞ്ഞ ദിവസം അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന് ശേഷം വളരെ വികാരഭരിതനായാണ് എ കെ ആന്റണി മാധ്യമങ്ങളോട് സംസാരിച്ചത്. അനിലിന്റെ ബിജെപി പ്രവേശനം തെറ്റായ തീരുമാനം ആണെന്ന് ആന്റണി പ്രതികരിച്ചിരുന്നു.