കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 20 വരെ 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പ്രതിയെ ജയിലേക്ക് മാറ്റും. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്.
ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വെെദ്യ പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിച്ചത്. പ്രതിയുടെ ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായത് ആകാമെന്നാണ് പരിശോധന നടത്തിയ ഫോറൻസിക് വിദഗ്ധരുടെ നിഗമനം.
ഷാരൂഖിന് ഏതെങ്കിലും തരത്തിൽ ഉള്ള തീവ്രവാദബന്ധം ഉണ്ടോയെന്ന് അന്വേഷണം നടത്തി വരികയാണ്. കേസിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം(യുഎപിഎ) ചുമത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിലവിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് യുഎപിഎ ചുമത്തുന്നതോടെ ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും.