ന്യൂ ഡൽഹി. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണംത്തിലുള്ള വർധന തുടരുന്നു. ഇതിനെപ്പറ്റി ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ വെർച്വൽ യോഗം ഇന്ന് ചേരും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് യോഗം ചേരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇപ്പോൾ 28,303 ആണ്. രോഗം ബാധിച്ച് കഴിഞ്ഞ ദിവസം 14 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,30,943 ആയി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഒമിക്രോൺ വകഭേദം തന്നെയാണ് ഇപ്പോഴും വ്യാപിക്കുന്നത്.
വ്യാഴാഴ്ച രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 1404 കേസുകളാണ് കേരളം റിപ്പോർട്ട് ചെയ്തത്. 212 കേസുകളുമായി ഹിമാചൽ പ്രദേശാണ് രണ്ടാം സ്ഥാനത്ത്.