ആദ്യപാദത്തിലെ പരാജയത്തില്‍ തളരാതെ രണ്ടാം പാദത്തില്‍ ബാഴ്‌സയ്‌ക്കെതിരെ വമ്പന്‍ വിജയം നേടി രാജകീയമായിത്തന്നെ റയല്‍മാഡ്രിഡ് കോപ്പ ഡെല്‍ റേ ഫൈനലിലേക്ക് കടന്നു. എതിരില്ലാത്ത നാല് ഗോളിന്റെ വമ്പന്‍ ജയം ആണ് മാഡ്രിഡ് ക്യാമ്പ് ന്യൂവില്‍ കുറിച്ചത്. കരീം ബെന്‍സിമയുടെ ഹാട്രിക്ക് പ്രകടനം ആണ് റയലിനെ തുണച്ചത്. തുടര്‍ച്ചയായ മരണ്ടാം മത്സരത്തിലാണ് ബെന്‍സീമ ഹാട്രിക് നേടുന്നത്. കഴിഞ്ഞ എല്‍ക്ലാസിക്കോ മത്സരങ്ങളില്‍ റയലിനെ വീഴ്ത്തിയ ബാഴ്സക്ക് സ്വന്തം ഗ്രൗണ്ടില്‍ നേരിട്ട തോല്‍വി വലിയ തിരിച്ചടി ആയി.
ഇരു ടീമുകളും കാര്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ മെനക്കെടാതെ ഇരുന്നതോടെ ആദ്യ പകുതിയില്‍ മത്സരം കൂടുതലും മൈതാന മധ്യത്തിലായിരുന്നു. എതിര്‍ പകുതിയില്‍ ബോള്‍ കൂടുതല്‍ കൈവശം വെക്കാനായിരുന്നു ബാഴ്സയുടെ ശ്രമം. റയല്‍ മാഡ്രിഡ് കൗണ്ടര്‍ അവസരങ്ങള്‍ക്കായി കാത്തിരുന്നു. ആദ്യ പകുതി സമനിലയില്‍ അവസാനിക്കും എന്നു കരുതി ഇരിക്കെ റയലിന്റെ ഗോള്‍ എത്തി. ബാഴ്സയുടെ മികച്ച ഒരു മുന്നേറ്റം കുര്‍ട്ടോ തടുത്തിട്ടതില്‍ നിന്നും കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ച റയല്‍, എതിര്‍ ബോക്‌സിലേക്ക് കുതിച്ചു. ബെന്‍സിമയുടെ പാസില്‍ വിനിഷ്യസിന്റെ ഷോട്ട് കുണ്ടേ സേവ് ചെയ്തെങ്കിലും പന്ത് ഗോള്‍ വര കടന്നിരുന്നു.
രണ്ടാം പകുതിയില്‍ റയല്‍ നിര്‍ത്തിയേടത്ത് നിന്നും തുടങ്ങി. 49ആം മിനിറ്റില്‍ മോഡ്രിച്ചിന്റെ പാസില്‍ നിന്നും ബെന്‍സിമ വല കുലുക്കി. ഇതോടെ അഗ്രിഗേറ്റ് സ്‌കോറിലും ലീഡ് ആയ റയല്‍ മത്സരത്തിന്റെ ആധിപത്യം പൂര്‍ണമായി ഏറ്റെടുത്തു. 57ആം മിനിറ്റില്‍ കേസ്സി വിനിഷ്യസിനെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. ബെന്‍സിമ അനായാസം ഗോള്‍ കണ്ടെത്തി. ഇതോടെ ബാഴ്സ പലപ്പോഴും ബോള്‍ കൈവശം വെക്കുന്നതില്‍ പോലും പിറകില്‍ പോയി. 80 ആം മിനിറ്റില്‍ ബെന്‍സിമയുടെ ഹാട്രിക് ഗോള്‍ എത്തി. മറ്റൊരു കൗണ്ടര്‍ നീക്കത്തിലൂടെ എത്തിയ വിനിഷ്യസ് പന്ത് ബോക്‌സിനുള്ളില്‍ ബെന്‍സിമക്ക് പന്ത് മറിച്ചു നല്‍കിയപ്പോള്‍ കീപ്പറേ മറികടക്കേണ്ട ചുമതലയെ ബെന്‍സിമക്ക് ഉണ്ടായിരുന്നുള്ളൂ. എല്‍ക്ലാസിക്കോയുടെ എല്ലാ ചേരുവകളോടും കൂടിത്തന്നെയാണ് രണ്ടാം പാദ സെമി അരങ്ങേറിയത്. വാക്‌പോരുകളും ഉന്തുംതള്ളുമെല്ലാം മത്സരത്തിനെ കൂടുതല്‍ ചൂടുപിടിപ്പിച്ചിരുന്നു. ഫൈനലില്‍ ഒസാസുന ആണ് റയലിന്റെ എതിരാളികള്‍.
Summary: Real Madrid secured a comfortable victory over Barcelona to advance to the final of the Copa del Rey tournament
Discussion about this post