എലത്തൂര്‍ തീവണ്ടി തീവെപ്പ് കേസിൽ പ്രതി എന്ന് സംശയിക്കുന്ന ആൾ പിടിയിൽ. കേരളത്തില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്ര എ.ടി.എസിന്റെ സഹായത്തോടെയായിരുന്നു ദൗത്യം.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഷഹ്‌റൂഖ് സെയ്ഫിയെ പിടികൂടിയത്. മൊബൈല്‍ ഓണ്‍ ചെയ്തതിന് പിന്നാലെ ഷെഹ്‌റഖൂബ് ഐബിയുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് മൊബൈല്‍ ഫോണ്‍ ഷഹറുഖ് ഓണ്‍ ചെയ്തത്. ടവര്‍ ലൊക്കേഷനും മറ്റു വിവരങ്ങളും മഹാരാഷ്ട്ര എടിഎസിന് കൈമാറുകയായിരുന്നു.
പ്രതിയുടെ ശരീരത്തില്‍ പൊളളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പരുക്കുകളുണ്ട്. ചികിത്സയിലായിരുന്ന ആശുപത്രിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷഹറുഖിലേയ്ക്ക് അന്വേഷണം എത്തിയത്.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസ് നോയിഡയിലെത്തിയിരുന്നു. കോഴിക്കോട് റെയില്‍വേ പൊലീസിലെ ഉദ്യോഗസ്ഥരാണ് വിമാന മാര്‍ഗം നോയിഡയിലെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ഷെഹറുഫ് സെയ്ഫിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് റെയില്‍വേ പൊലീസ് നോയിഡയിലെത്തിയത്. ഇയാളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചിരുന്നു.
Summary: Accused in Elathur train fire attack case is in custody