പ്രശസ്തമായ ട്വിറ്ററിന്റെ പക്ഷിയുടെ ലോഗോ മാറ്റി സ്ഥാപിച്ചതായി ഇലോൺ മസ്ക്. നീല നിറത്തിലുളള പക്ഷിയുടെ ലോഗോ മാറ്റി ഡോഗ്‌കോയിൻ ക്രിപ്റ്റോ കറൻസിയുടെ മീം ആയ നായയാണ് ട്വിറ്ററിന്റെ പുതിയ ലോഗോ. മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന ഒരു ട്വീറ്റും ഇലോണ്‍ മസ്‌ക് പങ്കുവച്ചിട്ടുണ്ട്. മൈക്രോ ബ്ലോഗിങ് സൈറ്റിന്റെ ഡെസ്ക്ടോപ്പ് വേർഷനിൽ മാത്രമാണ് നിലവിൽ മാറ്റം വന്നിരിക്കുന്നതെന്ന് ഇലോൺ മസ്ക് വ്യക്തമാക്കുന്നു.
ഒരു നായ കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നതും ട്രാഫിക് പൊലീസിനെ തന്റെ ലൈസന്‍സ് കാണിക്കുകയും ചെയ്യുന്നു. അതിൽ ഒരു നീല പക്ഷിയുടെ ഫോട്ടോയുണ്ട്. തുടർന്ന് ട്രാഫിക് പൊലീസിനോട് ഇതൊരു പഴയ ഫോട്ടോയാണെന്ന് നായ പറയുന്നതായ ഒരു ചിത്രവും മസ്ക് ട്വീറ്റ് ചെയ്തു.
കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു ട്വിറ്റർ ഉപയോക്താവുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും മസ്‌ക് പങ്കിട്ടു. പുതിയ പ്ലാറ്റ്ഫോം ആവശ്യമുണ്ടോയെന്ന് ഈ സ്‌ക്രീന്‍ ഷോട്ടില്‍ ഇട്ട പോസ്റ്റില്‍ മസ്‌ക് ചോദിച്ചിട്ടുണ്ട്. അതിന് പകരം മസ്‌ക് ട്വിറ്റർ വാങ്ങണമെന്നും പക്ഷിയുടെ ലോഗോക്ക് പകരം നായ എന്നെഴുതാനും ഉപയോക്താവ് നിർദ്ദേശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഇലോണ്‍ മസ്‌ക് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ വാങ്ങിയത്. ഇതിനു വേണ്ടി അദ്ദേഹം 44 ബില്യണ്‍ ഡോളറിന്റെ ഇടപാട് നടത്തിയിരുന്നു. കമ്പനി വാങ്ങിയതോടെ നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ ഉണ്ടാവുന്നത്. ഇതിനിടെ അക്കൗണ്ടുകൾക്ക് വേരിഫെയ്ഡ് ‘ടിക്’ കിട്ടാൻ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
Summary: Elon Musk replaced twitters blue bird logo by a dog