തീവണ്ടി ആക്രമണം; പ്രതി നോയിഡ സ്വദേശി ഷെഹറുഫ് സെയ്ഫിയെന്ന് പൊലീസ്

കോഴിക്കോട്: തീവണ്ടി ആക്രമണത്തിലെ പ്രതി ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശി ഷെഹറുഫ് സെയ്ഫി എന്നയാളാണെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്ത് വിട്ടിരുന്നു.

പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് അറിയിച്ചിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

അതേസമയം അക്രമിയുടേതെന്ന് സംശയിച്ച് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത് മറ്റൊരാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളിലുള്ളത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്. അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ലഭിച്ച നോട്ടുപുസ്തകങ്ങളിലെ കുറിപ്പുകള്‍ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഒരു കുപ്പി പെട്രോള്‍, നോട്ടുപുസ്തകം, വസ്ത്രങ്ങള്‍, കണ്ണട, പേഴ്സ്, ടിഫിന്‍ ബോക്സ്, ഭക്ഷണം എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സമീപത്തുനിന്നായി ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു.

എലത്തൂരിലെ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാരും അറിയിച്ചു. അട്ടിമറി സാധ്യത അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരുകയാണെന്ന് ആഭ്യന്തരമന്ത്രാലയവും അറിയിച്ചു. എടിഎസും, എന്‍ഐഎയും വിവരങ്ങള്‍ ശേഖരിക്കും.

 

Exit mobile version