മെസിയുടെ ഭാവിയെന്ത് ?

കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിലൂടെയാണ് ലയണല്‍ മെസി കടന്നുപോകുന്നത്. അര്‍ജന്റീന ആരാധകര്‍ മുന്ന് ദശാബ്ദമായി കാത്തിരുന്ന ലോകകപ്പ് ബ്യൂണസ് അയേഴ്‌സിലെത്തിക്കാന്‍ മെസിക്ക് ഈ സീസണില്‍ കഴിഞ്ഞു. ദേശീയ കുപ്പായത്തില്‍ ലോകകപ്പ് കൂടി നേടിയതോടെ ലയണല്‍ മെസി കാല്‍പ്പന്തിന്റെ സര്‍വ്വഞ്ഝപീഢം കയറുന്ന കാഴ്ചയ്ക്കും സാക്ഷിയായ സീസണ്‍. സീസണ്‍ തുടക്കത്തില്‍ പിഎസ്ജിയിലും ഫോമിന്റെ പരമോന്നതിയിലായിരുന്നു ലയണല്‍ മെസി. പക്ഷേ ലോകകപ്പിനു ശേഷം ഫോമിന് മങ്ങലേറ്റിട്ടില്ലെങ്കിലും ക്ലബ് ജഴ്‌സിയില്‍ മെസി അത്ര സന്തുഷ്ടനല്ല എന്നുറപ്പാണ്. ഫ്രാന്‍സിനെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകിരീടം നേടിയതോടെ പിഎസ്ജി ആരാധകരില്‍ ഒരു വിഭാഗത്തിന് മെസി വെറുക്കപ്പെട്ടവനായി മാറി. കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് ആവരും കരുതിയെങ്കിലും അതുണ്ടാകാത്തതിന് കാരണം ആരാധകരുടെ ഈ മനോഭാവമാകണം. സ്്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കൂക്കി വിളികളഉടെ അകമ്പടിയോടെ പലകുറി ആരാധകര്‍ ലയണല്‍ മെസിയേ വരവേല്‍റ്റു. ടീം പരാജയപ്പെടുമ്പോഴെല്ലാം അവനെ ഒറ്റപ്പെടുത്തി ക്രൂശിച്ചുകൊണ്ടേയിരുന്നു. ലയണല്‍ മെസ്സിയുടെ 50-ാമത് ലീഗ് 1 മത്സരവും അദ്ദേഹം എന്നും മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമായി മാറിയിരിക്കുകയാണ്. സ്വന്തം മൈതാനത്ത് ലിയോണിനെ നേരിട്ട പിഎസ്ജി ഒരു ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തന്നെ മെസ്സിക്ക് പിഎസ്ജി അള്‍ട്രാസില്‍ നിന്നും കൂവലുകള്‍ ഏല്‍ക്കേണ്ടി വരികയായിരുന്നു. മെസ്സിയുടെ പേര് അനൗണ്‍സ് ചെയ്ത സമയത്ത് തന്നെ താരത്തെ കൂവിയിരുന്നു.അതിനുശേഷം കളത്തിലേക്ക് വന്നപ്പോഴും അദ്ദേഹം കളിക്കുമ്പോഴെല്ലാം പിഎസ്ജി ആരാധകര്‍ മെസ്സിയെ വേട്ടയാടുകയായിരുന്നു.വളരെ നിരാശനായ മെസ്സി മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ ഒരിക്കല്‍ കൂടി നേരിട്ട് ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്നു.

പാരീസില്‍ ലയണല്‍ മെസ്സിയുടെ ഭാവി അവ്യക്തമാണ്. ലോകകപ്പിന് മുമ്പ് അര്‍ജന്റീനയുമായി കരാര്‍ പുതുക്കാന്‍ പിഎസ്ജി ധാരണയിലെത്തിയിരുന്നുവെങ്കിലും, മാസങ്ങള്‍ പിന്നിട്ടിട്ടും മെസ്സി പാരീസ് ടീമുമായി വിപുലീകരണത്തില്‍ ഒപ്പുവെച്ചിട്ടില്ല. ആരാധകരുടെ ഈ മനോഭാവത്തോട് കൂടി മെസി ക്ലബ് വിടും എന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ചാമ്പ്യന്‍സ് ലീഗ് എലിമിനേഷനുശേഷമാണ് ആരാധകര്‍ കൂടുതല്‍ മെസ്സിക്കെതിരെ തിരിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചു. 2021-ല്‍ തന്റെ കണ്ണീരോടെയുള്ള വിടവാങ്ങല്‍ മുതല്‍ മെസ്സി സ്പാനിഷ് ക്ലബ്ബിള്‍ക്കുള്ള തിരിച്ചുവരവുമായി വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. മെസ്സിയുടെ പ്രതിനിധികളുമായി താന്‍ ബന്ധപ്പെട്ടിരുന്നതായി ബാഴ്‌സയുടെ വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ വെളിപ്പെടുത്തിയിരുന്നു.

ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മെസ്സിയെ പാര്‍ക് ഡി പ്രിന്‍സസില്‍ എത്തിച്ചത്.പിഎസ്ജിയുമായുള്ള തന്റെ രണ്ട് സീസണുകളിലും അവസാന 16 ഘട്ടത്തില്‍ പുറത്തായത് ആരാധരെ ചൊടിപ്പിച്ചു.എന്നാല്‍ ലീഗില്‍ കൂടുതല്‍ ശ്രദ്ധേയമായ റെക്കോര്‍ഡ് മെസ്സിക്ക് ഉണ്ട്.തന്റെ 50 ലീഗ് 1 മത്സരങ്ങളില്‍ നിന്ന് മൊത്തത്തില്‍ 19 തവണ സ്‌കോര്‍ ചെയ്യുകയും 28 ഗോളുകള്‍ക്ക് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഈ സീസണില്‍ 13 ഗോളുകളും 13 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. യൂറോപ്പിന്റെ കളിമൈതാനങ്ങളില്‍ തന്നെ തുടരാനാഘ്രഹിക്കുന്ന ലയണല്‍ മെസിയുടെ ഭാവി എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

Exit mobile version