ലാലിഗ കിരീടത്തിന് വേണ്ടി ബാഴ്‌സലോണ കനത്ത പോരാട്ടമാണ് നടത്തുന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് എല്‍ഷേയെ തകര്‍ത്ത് ബാഴ്‌സലോണ ലാ ലീഗയിലെ കുതിപ്പ് തുടരുകയാണ്. എല്‍ഷെയുടെ തട്ടകത്തില്‍ ലെവെന്റോവ്‌സ്‌കി, ഫാറ്റി, ഫെറാന്‍ ടോറസ് എന്നിവര്‍ വല കുലുക്കി. ഇതോടെ ഒന്നാം സ്ഥാനത്ത് ലീഡ് 15 പോയിന്റ് ആക്കി ഉയര്‍ത്താന്‍ ബാഴ്സക്കായി. സ്വന്തം തട്ടത്തില്‍ പ്രതിരോധത്തില്‍ ഊന്നി കളിക്കാന്‍ ആയിരുന്നു എല്‍ഷെയുടെ നീക്കം. ബാഴ്സലോണക്ക് കൃത്യമായ അവസരങ്ങള്‍ ഒരുക്കിയെടുക്കാന്‍ തുടക്കത്തില്‍ സാധിച്ചില്ല. ഇരുപതാം മിനിറ്റില്‍ ലെവെന്റോവ്‌സ്‌കിയിലൂടെ ബാഴ്സലോണ സമനില പൂട്ട് പൊട്ടിച്ചു. ആല്‍ബയുടെ ഫ്രീകിക്കില്‍ അരോഹോ ഹെഡ് ചെയ്തു നല്‍കിയ ബോള്‍, എതിര്‍ പ്രതിരോധത്തിന് ഇടയിലൂടെ ലെവെന്റോവ്‌സ്‌കി വലയില്‍ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബാഴ്സ കൂടുതല്‍ ഗോളുകള്‍ കണ്ടെത്തി. 56ആം മിനിറ്റില്‍ കൗണ്ടറിലൂടെ ഒറ്റക്ക് നടത്തിയ മുന്നേറ്റം ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫാറ്റി ഫിനിഷ് ചെയ്തു. 66ആം മിനിറ്റില്‍ ലെവെന്റോവ്‌സ്‌കി വീണ്ടും വല കുലുക്കി. പിന്നീട് യുവതാരങ്ങള്‍ക്ക് അവസരം അനുവദിച്ച സാവി ബി ടീം താരം ഗാരിഡോക്ക് സീനിയര്‍ ടീമില്‍ അരങ്ങേറാനുള്ള അവസരവും നല്‍കി.
Discussion about this post