തൃശ്ശൂര്‍: കേരളത്തില്‍ കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലും കണക്കുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ സംസ്ഥാന ആരോഗ്യവകുപ്പ്. മുന്‍കാലങ്ങളില്‍ ദിവസവും വിവര-പൊതുജനസമ്പര്‍ക്ക വകുപ്പുവഴി നല്‍കിക്കൊണ്ടിരുന്ന കണക്കാണ് ഇപ്പോള്‍ മറച്ചുവെക്കുന്നത്. അതെ സമയം കണക്കുകള്‍ വെളിപ്പെടുത്താന്‍ തങ്ങള്‍ക്ക് അനുവാദമില്ലെന്നാണ് ജില്ലാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാത്രമല്ല കണക്കുകള്‍ അതതുദിവസം ഡയറക്ടറേറ്റിലേക്ക് നല്‍കാനാണ് നിര്‍ദേശമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കണക്കുകള്‍ക്കായി മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ തങ്ങളുടെ ചുമതലയല്ലെന്നുപറഞ്ഞാണ് ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുന്നത്.
ഡയറക്ടറേറ്റില്‍നിന്ന് കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുന്നില്ല. സംസ്ഥാനം സ്വന്തംനിലയില്‍ കണക്കുകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രനിര്‍ദേശമുള്ളതായാണ് ഡയറക്ടറേറ്റില്‍നിന്ന് നല്‍കുന്ന വിവരം.
എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് കോവിഡ് കേസുകള്‍ ഉയരുന്ന നിരക്കില്‍ കേരളം ഒന്നാമതാണ്. രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും കേരളത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ 2,877 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ കണക്കുകള്‍ മറച്ചുവെച്ച് രോഗവ്യാപനസാധ്യത കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിഷുവും പെരുന്നാളുമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കേ, ജാഗ്രത കൂട്ടാനുള്ള ഫലവത്തായ നിര്‍ദേശങ്ങളും സംസ്ഥാനം നല്‍കിയിട്ടില്ല.
രാജ്യത്ത് രോഗികളുടെ എണ്ണംകൂടുന്ന പശ്ചാത്തലത്തില്‍ ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ഏപ്രില്‍ 10, 11 തീയതികളില്‍ മോക് ഡ്രില്‍ നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയ നിര്‍ദേശം.മാത്രമല്ല സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ശേഖരിച്ച് രേഖപ്പെടുത്തിയിരുന്ന ഡാഷ് ബോര്‍ഡ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ ഒമ്പതിനാണ്. 9,110 പോസിറ്റീവ് കേസുകളും 70,917 മരണവുമാണ് അന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23-നുള്ള വാക്‌സിനേഷന്‍ എണ്ണമാണ് ഡാഷ് ബോര്‍ഡില്‍ അവസാനമായി നല്‍കിയിട്ടുള്ളത്.