കോഴിക്കോട്: പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ലെന്നും അതൊരു രാഷ്ട്രീയ പ്രസ്താവന മാത്രമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്ത്രീ ശാക്തീകരണം എന്ന പേരില്‍ അധികാരത്തിലേറിയതിനു ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. വി.ഡി. സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിതെന്നും കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിയാസിന്റേത് വിവാഹം അല്ല, അത് വ്യഭിചാരം ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞപ്പോള്‍ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല. എ.വിജയരാഘവന്‍ രമ്യ ഹരിദാസ് -കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെ പറ്റി അശ്‌ളീലം പറഞ്ഞപ്പോള്‍ വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവും മിണ്ടിയില്ല. ജി.സുധാകരന്‍, ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോഴും ഒരു കേസും എടുത്തില്ല. എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകള്‍ക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയപാത നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക നല്‍കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കുന്ന റോഡിന്റെ പടം ഫ്‌ളക്‌സടിച്ച് സ്വന്തം പടം വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് 25 ശതമാനം വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്ന സംസ്ഥാനം പിന്നീട് അതില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ഒരു വാക്ക് പറഞ്ഞിട്ട് അതില്‍ നിന്നും പിന്‍മാറുന്നത് മാന്യതയല്ല. ഈ കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയോ റിയാസോ പ്രതികരിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അധ്യക്ഷന്‍ വികെ സജീവന്‍, ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.