സ്‌മൃതി ഇറാനിയെ പിന്തുണച്ച് അനിൽ ആന്റണി

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണിയുടെ മകനും കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗം മുന്‍ മേധാവിയുമായ അനില്‍ ആന്‍റണി ബിജെപിയില്‍ ചേരുകയാണോ? കോണ്‍ഗ്രസ് വിട്ടപ്പോള്‍ മുതല്‍ ഉയരുന്ന ഈ ചോദ്യത്തോട് അനില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനിൽ ആന്റണി. 2024ലെ പൊതുതിരഞ്ഞെടുപ്പ്, കോണ്‍ഗ്രസിനെ ചവറ്റുകൊട്ടയിലെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു.

ഇതിനു പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് പരസ്യമായി രംഗത്തുവന്നതോടെ, അനിലിന്‍റെ ബിജെപി പ്രവേശനം കൂടുതല്‍ ചര്‍ച്ചയാവുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെക്കുറിച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി.ശ്രീനിവാസ് നടത്തിയ പരാമർശത്തെ ചാനല്‍ ചര്‍ച്ചയില്‍ അനില്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘സ്വന്തം കഴിവു കൊണ്ട് ഉയര്‍ന്നു വന്ന വനിത നേതാവ്’ എന്നാണ് സ്മൃതിയെ അനില്‍ വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് ഏതാനും ചിലരെ മാത്രം വളര്‍ത്തുന്നു. സ്മൃതിയെപ്പോലുള്ളവരെ അവഹേളിക്കുന്നതാണോ കോണ്‍ഗ്രസിന്‍റെ സ്ത്രീ ശാക്തീകരണമെന്നും അനില്‍ ചോദിച്ചു. സമൂഹമാധ്യമത്തില്‍ ശ്രീനിവാസിന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച അനില്‍, കോണ്‍ഗ്രസ് നേതാക്കളെ സംസ്ക്കാരമില്ലാത്തവരെന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ കുറേക്കാലങ്ങളായി ഏതാനും വ്യക്തികളുടെ താല്‍പര്യ സംരക്ഷണം മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ദേശീയ താല്‍പര്യത്തിനായി ആ പാര്‍ട്ടി ഒന്നും ചെയ്യുന്നില്ല. കര്‍ണാടകയില്‍ മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏതാനും വ്യക്തികള്‍ക്കായി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയാണ്, അനില്‍ പറയുന്നു.

നേരത്തെ, രാഹുല്‍ ഗാന്ധിക്കെതിരായ കോടതിവിധിയെക്കുറിച്ച്, ‘ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങള്‍ക്കായി സമയം കളയാതെ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ കോണ്‍ഗ്രസ് തയാറാവ’ണമെന്നായിരുന്നു അനിലിന്‍റെ ട്വീറ്റ്. രാഹുല്‍ ഗാന്ധി കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ പ്രസ്താവനയെയും സമൂഹമാധ്യമത്തില്‍ അനില്‍ പിന്തുണച്ചിരുന്നു.

Exit mobile version