നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടം; റൺവേ അടച്ചു, സർവീസുകൾ 2 മണിക്കൂർ തടസപ്പെടും

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ പരിശീലനപ്പറക്കലിനു തയാറെടുക്കുന്നതിനിടെ റൺവേയിൽ നിന്നു തെന്നിമാറിയുണ്ടായ അപകടത്തിനു പിന്നാലെ, വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടച്ചു. രണ്ടു മണിക്കൂർ നേരത്തേക്ക് വിമാന സർവീസുകൾ തടസപ്പെടുമെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന വിവരം. കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്ന രണ്ടു രാജ്യാന്തര വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.

കൊല്ലം ചിതറയിൽ വളർത്തുമൃഗങ്ങളോട് ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍
വിമാനത്താളത്തിന്റെ തെക്കേയറ്റത്തുള്ള കോസ്റ്റ് ഗാർഡ് എയർ സ്റ്റേഷനോടു ചേർന്ന് ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ഏതാണ്ട് 150 അടി ഉയരത്തിൽ നിന്നു വീഴുകയായിരുന്നു. 3 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്കു പരുക്കേറ്റു. ഹെലികോപ്റ്റർ പൈലറ്റ് സുനിൽ ലോട്‌ലയ്ക്കാണു പരുക്കേറ്റത്. ഇദ്ദേഹത്തെ അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.

റൺവേയ്ക്കു സമീപം ചെരിഞ്ഞു വീണു കിടക്കുന്ന ഹെലികോപ്റ്റർ നീക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ടു കോസ്റ്റ്ഗാർഡ് അധികൃതർ ഇതു വരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഹെലികോപ്റ്റർ തകർന്നു വീണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ടേക്ക് ഓഫിനുള്ള ശ്രമത്തിനിടെ റൺവേയുടെ വശങ്ങളിൽ ഉരസിയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇനി അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ ഇവിടെനിന്നു മാറ്റി സുരക്ഷാ പരിശോധനയും പൂർത്തിയായ ശേഷമേ വിമാന സർവീസുകൾ പുനരാരംഭിക്കൂ.

Exit mobile version