മീററ്റ്: മക്കളെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ ഉപേക്ഷിച്ച കേസിൽ അമ്മ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ ബുധനാഴ്ചയായിരുന്നു സംഭവം. പത്ത് വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയുമാണ് അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ അയൽക്കാർക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിയും കാമുകനും കൂടാതെ നാല് പേർ കൂടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
മാർച്ച് 22നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും കാമുകനായ സൗദും ചേർന്ന് പത്ത് വയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് മക്കളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്. കനാലിൽ ഉപേക്ഷിച്ച കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചിൽ പുരോഗമിക്കുകയാണ്.
മൂന്ന് സ്ത്രീകളും മൂന്ന് പുരുഷൻമാരും ചേർന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടിയെ അമ്മ സ്വന്തം വീട്ടിൽവെച്ചും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലെത്തിച്ചുമാണ് കൊലപ്പെടുത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് സൂപ്രണ്ട് പിയൂഷ് സിങ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ സൗദ് പ്രാദേശിക കൗൺസിലർ കൂടിയാണ്.