സഭ തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തതിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാവാത്തതിലും പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേക്ക് നിരാഹാരമിരിക്കുക. സര്‍ക്കാര്‍ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.
അതേസമയം, സത്യാഗ്രഹവും നിരാഹാരമിരിക്കുന്നതും സഭയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ കാര്യമല്ലെന്ന് മന്ത്രി രാജന്‍ പറഞ്ഞു. സഭയുടെ നടുത്തളത്തില്‍ സമാന്തരസഭ സംഘടിപ്പിച്ചു എന്ന കുറ്റം പ്രധാനപ്രശ്‌നമായി നിലനില്‍ക്കവെ, സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവളിയാണ്. സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഇത് ശരിവെച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രതിപക്ഷത്തിന്റെ സമീപനം കേരളത്തിന്റേത് പോലെയൊരു സംസ്ഥാന നിയമസഭയ്ക്ക് ചേര്‍ന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ‘നേരത്തെ, സഭയില്‍ സ്പീക്കറെ തന്നെ അവഹേളിക്കുന്ന രീതിയില്‍ സമാന്തര സ്പീക്കറെയടക്കം നിയമിച്ച് സഭ നടത്തി. അതിന് റൂളിങ് നല്‍കി. തുടര്‍ന്നും സഭാസമ്മേളനം നടത്തിക്കില്ലെന്ന രീതിയിലാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവും ഉപനേതാവും ദീര്‍ഘകാലത്തെ പരിചയമുള്ളവരാണ്.’, സ്പീക്കര്‍ പറഞ്ഞു.
സഭാധ്യക്ഷന്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയപ്പോള്‍, വിളിച്ചിട്ട് വന്നില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ലോക്‌സഭയില്‍ പോലും സഭ നിര്‍ത്തിവെച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്താറുണ്ട്. അങ്ങനെയൊന്ന് ഇവിടെയുണ്ടായില്ല. സഭ നിര്‍ത്തിവെച്ച് എന്തുകൊണ്ട്, പ്രതിപക്ഷത്തിന്റെ പ്രശ്‌നമെന്താണെന്ന് സഭാധ്യക്ഷന്‍ സംസാരിക്കുന്നില്ല? ഞങ്ങളും സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോയ ആളുകള്‍ അല്ലേ, കൂടിയാലോചന വേണ്ടേ. എന്തുകൊണ്ട് ചര്‍ച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
പ്രതിപക്ഷം ബോധപൂര്‍വമാണ് സഭ തടസ്സപെടുത്തുന്നതെന്ന് ആരോപിച്ച തദ്ദേശമന്ത്രി എം.ബി. രാജേഷ് സമാന്തര സഭ നടത്തിയ പ്രതിപക്ഷത്തിനെതിരെ റൂളിങ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ‘സഭ ചേര്‍ന്നുകൊണ്ടിരിക്കെ സമാന്തരസഭ ചേരുന്നത് പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ്. നിയമസഭയെ മാത്രമല്ല, പാര്‍ലമെന്ററി നടപടിക്രമങ്ങളെയാകെ വെല്ലുവിളിക്കുന്നതും ലംഘിക്കുന്നതുമാണ് പ്രതിപക്ഷത്തിന്റെ നടപടി. പ്രതിപക്ഷ നേതാവും ഉപനേതാവും ഇതിന് നേതൃത്വം കൊടുക്കുന്നത് നിര്‍ഭാഗ്യകരമാണ്. ബോധപൂര്‍വ്വമാണ് സഭ തടസ്സപ്പെടുത്തുന്ന നടപടി പ്രതിപക്ഷം സ്വീകരിക്കുന്നത്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും നിരന്തരമായി വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സഭയേയും സ്പീക്കറേയും അവഹേളിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീര്‍പ്പുണ്ടാവണമെന്നും എം.ബി. രാജേഷ് ആവശ്യപ്പെട്ടു.