തിരുവനന്തപുരം: സഭക്കുള്ളിലെ വിവേചനങ്ങളില്‍ പ്രതിഷേധിച്ച് 5 പ്രതിപക്ഷ എംഎല്‍എമാര്‍ നിയസഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരിക്കുന്നത്.
പ്രതിപക്ഷം ഇന്നും പ്ലക്കാര്‍ഡുകളുമായെത്തി പ്രതിഷേധിച്ചു. സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.ധിക്കാരം നിറഞ്ഞ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്നും പ്രതിപക്ഷം പിന്നോട്ടില്ലെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചു.
എന്നാല്‍ പ്രതിപക്ഷം നടത്തുന്ന സമരങ്ങളുടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിലൂടെ കാണിക്കുന്നില്ല. തികച്ചും ഏകപക്ഷീയമായി, പ്രതിഷേധങ്ങളൊഴിവാക്കിയുള്ള ദൃശ്യങ്ങളാണ് സഭാ ടിവിയിലൂടെ ദൃശ്യമാക്കുന്നത്.
ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തക കൂട്ടായ്മകളും സ്പീക്കറെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ ഇതുവരെയും സഭാടിവിയിലൂടെ കാണിക്കുന്നില്ല.
അതിനിടെ, നിയമസഭയിലെ പ്രതിപക്ഷ സത്യാഗ്രഹ സമരത്തിനെതിരെ ഭരണ പക്ഷം രംഗത്തെത്തെത്തി. സഭാ നടത്തിപ്പിനോടുളള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും കേരളം പോലുള്ള നിയമസഭയ്ക്ക് ഇത് ചേര്‍ന്നതല്ലെന്നും മന്ത്രി കെ രാജന്‍ മറുപടി നല്‍കി.