തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍, മകള്‍ തേജസ്വിനി ബാല എന്നിവരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാകുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി.
പാലക്കാട് സ്വദേശി അര്‍ജുന്‍ നാരായണന് ആണ് കാറോടിച്ചിരുന്നത്.കേസിലെ ഏക പ്രതിയും അര്‍ജുനാണ്. അര്‍ജുനെ ലക്ഷ്മി കോടതിയില്‍ തിരിച്ചറിഞ്ഞു. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകളുടെ പേരിലുള്ള നേര്‍ച്ചയ്ക്കാണ് പോയത്.
പൂജ കഴിഞ്ഞ് 2018 സെപ്റ്റംബര്‍ 24ന് രാത്രി തിരിച്ചു. 25ന് പുലര്‍ച്ചെ 12.15ന് ചാലക്കുടിയിലായിരുന്ന ഇന്നോവ കാര്‍ 3.30ന് തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടത്തില്‍ പെട്ടു. അപകടത്തില്‍ ബോധം നഷ്ടപ്പെട്ട തനിക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ബോധം തിരിച്ചുകിട്ടിയതെന്നും ലക്ഷ്മി മൊഴി നല്‍കി.
അപകടവിവരം താനാണു പൊലീസിനു നല്‍കിയതെന്നു ലക്ഷ്മിയുടെ സഹോദരന്‍ പ്രസാദും മൊഴി നല്‍കി. അര്‍ജുനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കുമാണ് കേസുള്ളത്.