ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്ത്. രത്നങ്ങളും വജ്ര, സ്വർണ്ണാഭരണങ്ങളും കാണാനില്ലെന്ന് ഐശ്വര്യ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി.
ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്‍റെ താക്കോൽ എവിടെയാണെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയിക്കുന്നതായും ഐശ്വര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
60 പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിന് ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ഈ ലോക്കർ പല തവണ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്‍റെ താക്കോൽ അലമാരയിൽ സൂക്ഷിച്ചിരുന്നു. ജീവനക്കാർക്ക് ഇത് അറിയാമായിരുന്നു. ഫെബ്രുവരി 10ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. 18 വർഷം മുമ്പ് തന്‍റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണവ എന്നും ഐശ്വര്യ വ്യക്തമാക്കി.