തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്ത വിഷയത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അന്വേഷണം, വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് നടക്കുകയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ചട്ടം 300 പ്രകാരം പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. അതേ സമയം ഇവിടെ പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പ്രത്യേക സംഘം അന്വേഷണം നടത്തും.
ബ്രഹ്മപുരം പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികളിൽ വിജിലൻസ് അന്വേഷണം നടത്തും.ഇന് ഒരു തരത്തിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിയ്ക്കാനുളള പ്രത്യേക നടപടികൾ നിർദേശിക്കുന്നതിനു വിദഗ്ധ സമിതിയെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്തെ തീ മാർച്ച് 13ന് പൂർണമായും അണച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഏല്ലാവരുടെയും ഒത്തൊരുമയിലാണ് ഇതു സാധിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചു. കൃത്രിമ മഴ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിച്ചെങ്കിലും പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് വന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം എന്നാണ് വിദഗ്ധർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലെ തീ മാർച്ച് 13ന് പൂർണമായും അണച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ വിവിധ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവർത്തനമാണ് നടത്തിയത്.
ഈ ഓപ്പറേഷനിൽ ഇന്ത്യൻ നേവിയുടെ ഹെലികോപ്റ്ററുകൾ, എയർഫോഴ്സ്, ബി പി സി എൽ, എച്ച് പി സി എൽ, സിയാൽ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഫാക്ട് എന്നീ സ്ഥാപനങ്ങളുടെ സംവിധാനങ്ങളും സിവിൽ ഡിഫൻസ് വാളണ്ടിയർമാരും അണിചേർന്നു. ഇരുന്നൂറ്റി അൻപതോളം ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിലായി രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. 32 ഫയർ യൂണിറ്റുകൾ, നിരവധി ഹിറ്റാച്ചികൾ, ഉയർന്ന ശേഷിയുള്ള മോട്ടോർ പമ്പുകൾ എന്നിവ ഇതിനായി ഉപയോഗിച്ചു.
2000 അഗ്നിശമനസേനാ പ്രവർത്തകരും 500 സിവിൽ ഡിഫൻസ് വാളണ്ടിയർമാരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. വളരെ ചിട്ടയോടെ നടത്തിയ കൂട്ടായ ശ്രമത്തിന്റെ ഭാഗമായാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. ഈ പ്രവർത്തനത്തിൽ പങ്കാളികളായ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, ആരോഗ്യ വകുപ്പ്, സിവിൽ ഡിഫൻസ്, പോലീസ്, കൊച്ചി കോർപറേഷൻ എന്നിവയിലെ ജീവനക്കാർ തുടങ്ങി എല്ലാവർക്കും അഭിനന്ദനങ്ങൾ.
Discussion about this post