തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം വീണ്ടും സഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പൊലീസ് അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് ഉന്നയിക്കുമെന്നാണ് വിവരം.
ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്തേക്കും.
ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന് മുന്നില്‍ പ്രതിഷേധിച്ചതിനിടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശിയെന്ന് യുഡിഎഫ് കൗണ്‍സിലര്‍ ആരോപിച്ചു. കൊച്ചി മേയറെ തടയാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി ശമിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. വിഷയത്തില്‍ മൗനം വെടിഞ്ഞ മുഖ്യമന്ത്രി തീ അണയ്ക്കാന്‍ പരിശ്രമിച്ചവരെ അഭിനന്ദിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു.