കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തം; ഭരണകൂടത്തിന്റെ പിടിപ്പുകേട്

തിരുവനന്തപുരം : ദുരിതങ്ങളുടെ വൈഷമ്യത്തില്‍ വിഷമാവസ്ഥയിലായ ജനങ്ങള്‍ക്ക് ശ്വാസം വിടാന്‍ പേലും കഴിയാത്ത നിലവില്‍ സാഹചര്യമാണ് കൊച്ചിയിലെന്ന് പ്രതിപക്ഷം. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമെന്ന് പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു. ജനങ്ങള്‍ വീടുകള്‍ക്ക് ഉള്ളില്‍ കഴിയണമെന്നാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം പറഞ്ഞത്.

ലോകം കണ്ട മറ്റൊരു മഹാമാരിയില്‍ നിന്നും കരകയറിയ ജനങ്ങള്‍ക്ക് ഒരു തിരിച്ചടിയായി കൊച്ചിയിലത്തെ ഇപ്പോഴത്തെ അവസ്ഥ.അന്ന് മാസ്‌ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാലിന്ന് കൊച്ചിയില്‍ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ പിടിപ്പു കേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ടിജെ വിനോദ് എംഎല്‍എ സഭയില്‍ പറഞ്ഞു.

തീ പൂര്‍ണമായി അണച്ചെന്ന ആരോഗ്യ മന്ത്രിയുടെ വാദത്തെ പ്രതിപക്ഷം നിഷ്‌ക്കരുണം തളളിക്കളഞ്ഞു.ഈ വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് വെള്ളത്തിന് ക്യു നില്‍ക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. 4 ന് തദ്ദേശ മന്ത്രി നിയമ സഭയില്‍ ലാഘവത്തോടെയാണ് മറുപടി നല്‍കിയത്. ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താന്‍ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്റെ ഇരട്ടി ആളുകളാണ് വീടുകള്‍ക്ക് ഉള്ളില്‍ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം പറഞ്ഞു. മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തില്‍ പടരുന്നത് ജനങ്ങളില്‍ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ തീയുടെ ശമനം മുന്‍പത്തേതില്‍ നിന്നും വളരെ കുറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ കൊച്ചിയിലെ വായു ഗുണനിലവാരം ഉയര്‍ന്നുവെന്നും ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു.851 പേരാണ് ഇതുവരെ കൊച്ചിയില്‍ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീല്‍ഡ് സര്‍വേ ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. 200 ആശാ പ്രവര്‍ത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈല്‍ ക്ലിനിക്കുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നിന്നുള്ള പ്രവര്‍ത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നല്‍കി.

Exit mobile version