ബ്രഹ്മപുരത്ത് ഇന്ന് പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീയും പുകയും ഏറെക്കുറേ പൂര്‍ണമായി നിയന്ത്രണ വിധേയമായതായി എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. മാര്‍ച്ച് 3 ന് ബ്രഹ്മപുരത്ത് നിന്ന് കടുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ മുതല്‍ 12 വരെയുള്ള വിഡിയോ സഹിതമാണ് കലക്ടര്‍ സമൂഹമാധ്യമത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്നു തന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി.

കലക്ടറുടെ പോസ്റ്റ്

തീയും പുകയും ഒഴിഞ്ഞ ബ്രഹ്മപുരം. ബ്രഹ്മപുരത്തെ തീയും പുകയും ഏറെക്കുറെ പൂര്‍ണമായിത്തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണ്. പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നു.

ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version