ഇന്തോനേഷ്യയിലെ മെറാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മെറാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്തോനേഷ്യയിലെ മെറാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ഏഴ് കിലോമീറ്റര്‍ ചാരം മൂടി.ഇന്തോനേഷ്യയിലെ യോഗ്യകാര്‍ത്ത മേഖലയിലാണ് സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാ മെറാപി സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അഗ്‌നി പര്‍വ്വതത്തിലെ ലാവാ പ്രവാഹം ഒന്നര കിലോമീറ്ററോളം ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനമുണ്ടായതോടെ സമീപ പ്രദേശങ്ങളില്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വ്വതത്തില്‍ നിന്നും മൂന്ന് മുതല്‍ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖല അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെറാപ്പി, 9,721 അടി ഉയരമുണ്ട് ഈ പര്‍വ്വതത്തിന്. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ തലത്തിലുള്ള അഗ്‌നി പര്‍വ്വതമാണ് ഇത്. ഇതില്‍ ഇന്നലെ സംഭവിച്ച സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. അതേ സമയം പര്‍വ്വതത്തിന്റെ അപകട മേഖലയില്‍ നിന്നും ആരെയും ഇതുവരെ ഒഴിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പര്‍വ്വതത്തിന്റെ അടുത്ത പ്രദേശങ്ങളില്‍ ആള്‍താമസം ഇല്ലെന്നാണ് വിവരം.

Exit mobile version