തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുന്നതിനിടെ കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു. ഈ സീസണില്‍ മാത്രമായി 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗം വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന്
നിര്‍ദ്ദേശം നല്‍കി. കാട്ടു തീയിന് കാരണം അലക്ഷ്യമായ ഇടപെടലുകളും അശ്രദ്ധമായ പെരുമാറ്റവുമാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍
വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണ് പ്രധാനമായും തീ പടര്‍ന്ന് പിടിക്കുന്നത്.
മനപൂര്‍വ്വം തീയിട്ടതിന് ഇതിനോടകം 14 കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംസ്ഥാനത്ത് വനമേഖലയില്‍ മൊത്തം 133 തീപ്പിടുത്തങ്ങളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ട്. ഇടുക്കി ജില്ല ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖലയില്‍ മാത്രം 54 തീപ്പിടുത്തങ്ങളുണ്ടായി . 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ 62 ഹെക്ചറും തെക്കന്‍ മേഖലയില്‍ 51 ഹെക്‌റിലും വനം കത്തി നശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തീപ്പിടുത്തത്തിനെതിരെ ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് പ്രചരണ പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. വിവിധ റേഞ്ചുകളിലും സംസ്ഥാന തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.