ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ നിന്ന് 13 ഭാരവാഹികള്‍ കൂടി രാജിവെച്ചു. തമിഴ്‌നാട് ഐടി സെല്ലിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും രാജി വെച്ചതിന് പിന്നാലെയാണ് കൂട്ട രാജി. അതേസമയം തമിഴ്‌നാട്ടില്‍ ബിജെപി വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്ന് രാജിയെ തളളിക്കൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ അവകാശപ്പെട്ടു.
പാര്‍ട്ടിയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഐടി യൂണിറ്റ് മേധാവി ഒരതി അന്‍ബരസു, യൂണിറ്റിന്റെ 10 സെക്രട്ടറിമാര്‍, രണ്ട് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണ് രാജിവെച്ചത്. പാര്‍ട്ടി ഐടി സെല്‍ പ്രസിഡന്റ് സി ടി ആറിനോടൊപ്പം 13 പേരും എഐഎഡിഎംകെയില്‍ ചേരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മല്‍കുമാറും സംസ്ഥാന സെക്രട്ടറി ദിലീപ് കണ്ണനും രാജിവച്ച് എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു.
ബിജെപിക്കും മറുവശത്ത് നിന്ന് ആളുകളെ ഇങ്ങോട്ടേക്ക് എത്തിക്കാന്‍ കഴിയുമെന്ന് വിഷയത്തില്‍ അണ്ണാമലൈ പ്രതികരിച്ചു. ബിജെപി നേതാക്കളെ എഐഎഡിഎംകെ അവരുടെ വശത്തേക്ക് ചേര്‍ക്കുന്നത് തമിഴ്നാട്ടില്‍ ബിജെപി വളരുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ അസാധാരണമായ സാഹചര്യമാണ് ഇപ്പോള്‍ ഉളളതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഇപ്പോള്‍ സാഹചര്യത്തെക്കുറിച്ച് എല്ലാവരേയും അറിയിക്കേണ്ടതുണ്ടെന്നും ജില്ലാ മുന്‍ ഐടി യൂണിറ്റ് മേധാവി അന്‍ബരസു പറഞ്ഞു.
ഞാന്‍ വര്‍ഷങ്ങളായി ബിജെപിക്കൊപ്പം സഞ്ചരിച്ചിക്കുന്ന ആളാണ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കുറച്ച് വര്‍ഷത്തേക്ക് മാത്രമുളളതാണെന്ന് എനിക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും അറിയാം. ഞാന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ആളല്ല. എന്റെ ജോലി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്കെതിരെ വന്ന ഭീഷണികളും പരാതികളും ഞാന്‍ ഇത്രയും കാലം എങ്ങനെ നേരിട്ടുവെന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു, അന്‍ബരസു വ്യക്തമാക്കി.
താന്‍ ഡിഎംകെയില്‍ ചേരുന്നില്ലെന്നും നിര്‍മ്മല്‍ കുമാറിനൊപ്പം യാത്ര ചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദ, തമിഴ്നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി ടി എന്നിവരുമായി ദേശീയ നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് ബിജെപിയില്‍ നിന്ന് 13 നേതാക്കള്‍ കൂടി രാജിവച്ചത്.