ബ്രഹ്മപുരം തീപിടിത്തമുണ്ടായി ഒരാഴ്ച പിന്നിടുമ്പോൾ കൊച്ചിക്കാര് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ആശുപത്രികളിലെത്തുന്നവരില്‍ ഭൂരിഭാഗവും ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരാണ്. ഇനിയും പുക ഇങ്ങനെ തുടര്‍ന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി.
ജൈവമാലിന്യങ്ങള്‍ പിവിസി പോലുള്ള ഹാലോജനേറ്റഡ് പ്ലാസ്റ്റിക്കുകളുമായി ചേര്‍ന്നു ഭാഗിക ജ്വലനം നടുക്കുമ്പോള്‍ ഉണ്ടാകുന്ന വിഷമാണ് ഡയോക്സിനുകള്‍. ഡയോക്സിന്‍ അടക്കമുള്ള മാരകമായ രാസസംയുക്തങ്ങള്‍ അടങ്ങിയ പുകയാണ് ഏട്ട് ദിവസത്തിലേറെയായി കൊച്ചിയില്‍ നിറഞ്ഞുനില്ക്കുന്നത്. ഇതോടെ ശ്വാസകോശരോഗങ്ങള്‍, ജലദോഷം, തൊലിപുറമെയുള്ള എരിച്ചില്‍ തുടങ്ങിയ രോഗാവസ്ഥയുമായി ചികിത്സതേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി.
ഏക്കര്‍ കണക്കിന് പ്രദേശത്ത് പത്തോ ഇരുപതോ അടി ഘനത്തിലുള്ള മാലിന്യക്കൂമ്പാരത്തിന്റെ അടിയില്‍ നടക്കുന്നത് ഓക്സിജന്റെ അഭാവത്തിലുള്ള എയ്നറോബിക് ഡി കമ്പോസിഷന്‍ ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതില്‍നിന്ന് ബഹിര്‍ഗമിക്കുന്ന വാതകങ്ങളില്‍ ജ്വലനസ്വഭാവമുള്ള മീഥേന്‍ ഗ്യാസ് ഉണ്ടാവുമെന്നത് കൊണ്ട് ഒരിക്കല്‍ തീ പിടിച്ചാല്‍ അണയ്ക്കുക അസാധ്യമായ കാര്യമാണ്.