ബ്രഹ്മപുരം തീപിടിത്തം; ഉത്തരവാദിത്വം നഗരസഭക്ക്, കരാര്‍ രേഖകള്‍ പുറത്ത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി ബ്രഹ്മപുരത്ത് നഗരസഭയുണ്ടാക്കിയ മാലിന്യ സംസ്‌കരണ കരാര്‍ രേഖയാണ് പുറത്തുവന്നത്. തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ അതിന്റെ എല്ലാ ഉത്തരവാദിത്വവും കോര്‍പറേഷന് മാത്രമാണെന്ന് കരാറില്‍ പറയുന്നു.

സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായുള്ള മാലിന്യ സംസ്‌കരണ കരാര്‍, ബയോമൈനിങ്ങിന് സോണ്ട ഇന്‍ഫ്രാടെക്കുമായുള്ള കരാര്‍ എന്നിങ്ങനെ രണ്ട് കരാറുകളാണ് ബ്രഹ്മപുരത്ത് പ്രധാനമായുമുള്ളത്. ഇതില്‍ ആദ്യത്തേതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തായത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ തീപിടിത്തമോ മറ്റ് എന്തെങ്കിലും അപകടങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ കരാറുകാരന് ഉത്തരവാദിത്വമുള്ളൂ. അതെ സമയം തൊഴിലാളികള്‍ക്ക് അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത കരാറുകാര്‍ക്കാണ്.

നിലവില്‍ പ്ലാന്റുകള്‍ക്ക് ചുറ്റും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്കാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ തീ പ്ലാന്റിനകത്തേക്ക് പടര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ബാധ്യതയും കൊച്ചി കോര്‍പറേഷനുമേല്‍ കെട്ടിവയ്ക്കാന്‍ രേഖാപ്രകാരം കരാറുകമ്പനിക്കു കഴിയും. ഏതൊക്കെ തരത്തിലുള്ള അപകടങ്ങളുണ്ടായാല്‍ ആര്‍ക്കെല്ലാം അതില്‍ ഉത്തരവാദിത്വങ്ങളുണ്ടാകും എന്നതടക്കം വിശദമാക്കുന്നതാണ് പുറത്തുവന്ന കരാര്‍ രേഖ.2018-ലാണ് ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. അതിനുശേഷം പല തവണ പ്ലാന്റില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്.

Exit mobile version