ഡോക്ടറെ മർദ്ദിച്ച സംഭവം: കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും

കോഴിക്കോട്: രോ​ഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ഡോക്ടർമാർ പണിമുടക്കും. അത്യഹിത വിഭാ​ഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ഇത്തരം സംഭവങ്ങൾ ഡോക്ടർ-രോ​ഗി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎ പറഞ്ഞു.

ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് പറയുന്നതല്ലാതെ അതുണ്ടാകുന്നില്ല. മർദ്ദിച്ചവർ പൊലീസ് സാന്നിധ്യത്തിലാണ് ഇറങ്ങിപ്പോയത്. ഒരു മാസത്തിൽ അഞ്ച് എന്ന രീതിയിലാണ് ആശുപത്രികൾക്കെതിരെയുളള ആക്രമണം നടക്കുന്നത്. ആശുപത്രി സംരക്ഷണ നിയമം ഭേദ​ഗതി ചെയ്ത് ശക്തിപ്പെടുത്തണമെന്നും ഐഎംഎ കോഴിക്കോട് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പികെ അശോകനാണ് മര്‍ദ്ദനമേറ്റത്. സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദ്ദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. ബന്ധുക്കള്‍ അടക്കമുളളവര്‍ക്കെതിരെയാണ് കേസ്.ആശുപത്രിയില്‍ വെച്ച് ഒരാഴ്ച്ച മുമ്പ് കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരണപ്പെട്ടിരുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യുവതി ചികിത്സയില്‍ തുടരുകയായിരുന്നു. യുവതിയുടെ സിടി സ്‌കാന്‍ ഫലം വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ഗൈനക്കോളജിസ്റ്റായ അനിതയായിരുന്നു യുവതിയെ ചികിത്സിച്ചിരുന്നത്. പ്രകോപിതരായ യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്ന അനിതയുടെ ഭര്‍ത്താവ് ഡോക്ടര്‍ അശോകനെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖത്ത് പരുക്കേറ്റ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version