തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേയര്‍ ആര്യാ രാജേന്ദ്രന്‍. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഉത്സവമായിരിക്കും. റോഡുകളുടെ അറ്റകുറ്റപണിയും ആറ്റുകാല്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയെന്നും മേയര്‍ അറിയിച്ചു.
ഭക്ഷ്യവിഷബാധ ഒഴിവാക്കുന്നതിനുള്ള പരിശോധനകള്‍ നടത്തി. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തും. 25 ടാങ്കര്‍ ലോറികള്‍ കുടിവെള്ളത്തിനായി നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. പൊങ്കാലയ്ക്കു ശേഷമുള്ള മാലിന്യം നീക്കം ചെയ്യാനുള്ള സജ്ജീകരണവും ഒരുക്കി കഴിഞ്ഞു. പൊങ്കാലയ്ക്കു ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഭവന പദ്ധതികള്‍ക്ക് ഉപയോഗിക്കും. ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേക വൊളന്റിയര്‍മാരെ സജ്ജീകരിക്കും. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും ചുടുകട്ടകള്‍ ശേഖരിച്ചാല്‍ പിഴ ഈടാക്കും, മേയര്‍ അറിയിച്ചു.
നഗരസഭയുടെ പേരില്‍ ആരെങ്കിലും പൊങ്കാല പിരിവ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ചൂട് കൂടുതലായതിനാല്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ ശ്രദ്ധയോട് കൂടി പൊങ്കാലയ്ക്ക് എത്താന്‍ ശ്രദ്ധിക്കണം. പൊങ്കാല കലങ്ങളുടെ വിഷയത്തില്‍ ഉണ്ടായിട്ടുള്ള സംശയങ്ങളുടെ അടിസ്ഥാനത്തില്‍ മണ്‍കലങ്ങള്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിച്ചു. 11 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചുവെന്നും പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മേയര്‍ പറഞ്ഞു.
നഗരത്തില്‍ കൂടുതല്‍ ശുചിമുറികള്‍ സജ്ജമാക്കുമെന്നും അറിയിപ്പുണ്ട്. അടഞ്ഞ് കിടക്കുന്ന ശുചിമുറികള്‍ തുറന്ന് കൊടുക്കാന്‍ പൊങ്കാലയോട് അനുബന്ധിച്ച് നിർദേശം നല്‍കിയിട്ടുണ്ട്. തുടര്‍ന്നും അത് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കൂടുതല്‍ ശുചിമുറികള്‍ നഗരത്തില്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പൊങ്കാലയോട് അനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഇ ടോയിലറ്റ് സ്ഥാപിച്ചുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.