ജോ ബൈഡന്റെ ശരീരത്തില്‍നിന്ന് കാന്‍സര്‍ കോശങ്ങള്‍ നീക്കം ചെയ്തു

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ശരീരത്തില്‍നിന്ന് സ്‌കിന്‍ കാന്‍സര്‍ കോശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. അദ്ദേഹത്തിന്റെ നെഞ്ചില്‍നിന്നാണ് ബേസല്‍ സെല്‍ കാര്‍സിനോമ ബാധിച്ച ഭാഗം നീക്കം ചെയ്തത്. വൈറ്റ് ഹൗസിലെ ബൈഡന്റെ ഡോക്ടര്‍ കെവിന്‍ ഒകോണോര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 16-ന് നടന്ന വാര്‍ഷിക മെഡിക്കല്‍ ചെക്കപ്പിലാണ് കാന്‍സര്‍ബാധിച്ച ഭാഗം നീക്കം ചെയ്തതെന്നും ബൈഡന് തുടര്‍ചികിത്സ ആവശ്യമില്ലെന്നും ഡോ. കെവിന്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ് നടത്തിയ പതിവു വൈദ്യ പരിശോധനയ്ക്കിടെയായിരുന്നു കാന്‍സര്‍ സാന്നിധ്യം കണ്ടെത്തിയത്.

എണ്‍പതുകാരനായ ബൈഡന്‍ ആരോഗ്യവാനാണെന്നും വൈറ്റ് ഹൗസിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തനാണെന്നും ഡോ. കെവിന്‍ പറഞ്ഞു. കാന്‍സര്‍ കോശങ്ങള്‍ നീക്കം ചെയ്ത നെഞ്ചിലെ ഭാഗം സുഖപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കിന്‍ കാന്‍സര്‍ വകഭേദങ്ങളില്‍ വളരെ സാധാരണമായി കാണപ്പെടുന്നവയാണ് ബേസല്‍ സെല്‍ കാര്‍സിനോമ. തുടക്കത്തിലേ കണ്ടുപിടിച്ചാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദപ്പെടുത്താനാകും. മറ്റു കാന്‍സറുകളെ പോലെ പടരില്ലെങ്കിലും അതിന്റെ വലിപ്പം വര്‍ധിച്ചുവരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് നീക്കം ചെയ്തതെന്നും ഡോ. കെവിന്‍ പറഞ്ഞു.

Exit mobile version