അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ത്രിപുരയില്‍ മുന്നില്‍ ബിജെപി തന്നെ. ഒറ്റയ്ക്ക് ബിജെപി 31 ഓളം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി. കഴിഞ്ഞ തവണ 36 സീറ്റിലാണ് ബിജെപി വിജയിച്ചത്. ഇടതുപക്ഷം കോണ്‍ഗ്രസുമായി സഖ്യത്തിലാണ് മത്സരിച്ചത്. മുന്‍പ് 60 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കി. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സിപിഎമ്മിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. ഇവര്‍ക്ക് അഞ്ച് സീറ്റില്‍ മുന്നേറാനായിട്ടുണ്ട്.
തിപ്ര മോത പാര്‍ട്ടിയാണ് സംസ്ഥാനത്ത് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ മുന്നേറ്റമുണ്ടാക്കിയത്. 20 സീറ്റില്‍ മത്സരിച്ച തിപ്ര മോത പാര്‍ട്ടിക്ക് 11 ഇടത്ത് മുന്നിലെത്താനായി. കടുത്ത മത്സരത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തിപ്ര മോത പാര്‍ട്ടിയുമായി ഇടത് – കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം തുടങ്ങി. എന്നാല്‍ ബിജെപി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് തിപ്ര മോത പാര്‍ട്ടിയുടെ തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വ്യക്തമാക്കുന്നത്.