കുതിച്ചുയര്‍ന്ന് ഫാല്‍ക്കണ്‍ റോക്കറ്റ്; അറബ് ലോകത്ത് ചരിത്രമെഴുതി യുഎഇ

ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി യുഎഇ. ഏറ്റവും നീണ്ട ബഹിരാകാശ ദൗത്യത്തിന് ശാസ്ത്രജ്ഞനെ അയക്കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി. യുഎഇ ശാസ്ത്രജ്ഞന്‍ സുല്‍ത്താല്‍ അല്‍ നെയാദി അടക്കം നാല് ശാസ്ത്രജ്ഞരുമായി സ്‌പെയ്‌സ് എക്‌സ് – ഫാല്‍ക്കണ്‍ -9 റോക്കറ്റ്, ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.. 24 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷം ക്രൂ-6 എന്‍ഡവര്‍ പേടകം നാളെ രാവിലെ ബഹിരാകാശ നിലയത്തിലെത്തും. ആറുമാസമാണ് സംഘം ബഹിരാകാശ നിലയത്തില്‍ തങ്ങുക.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ച വിക്ഷേപണമാണ് ഇന്ന് രാവിലെ വിജയകരമായി പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു ആദ്യ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. വിക്ഷേപണത്തിന് മൂന്നു മിനിറ്റ് മുമ്പ് ഗ്രൗണ്ട് സിസ്റ്റത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയും വിക്ഷേപണം ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയുമായിരുന്നു. യുഎഇ സമയം രാവിലെ 9.34-നായിരുന്നു കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള വിക്ഷേപണം.

ക്രൂ-5 ലെ ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തില്‍വച്ച് പുതിയ സംഘത്തെ സ്വീകരിക്കും. തുടര്‍ന്ന് ഇരു സംഘവും കുറച്ചു ദിവസം ബഹിരാകാശ നിലയത്തിലുണ്ടാകും. ഇതിന് ശേഷം നിലവിലുള്ള സംഘം കെന്നഡി സ്‌പേസ് സെന്ററിലേക്ക് മടങ്ങും. 19 ശാസ്ത്ര പരീക്ഷണങ്ങള്‍, ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണി, സ്‌പേസ് വാക്ക് എന്നിവയാണ് പുതിയ സംഘത്തിന്റെ പ്രധാന ദൗത്യം.

2019 സെപ്റ്റംബറില്‍ യുഎഇ-യുടെ ഹെസ്സ അല്‍ മസൂരി എട്ടു ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവിട്ടിരുന്നു. ആറുമാസം ബഹിരാകാശ നിലയത്തില്‍ തങ്ങുന്നതോടെ അറബ് ലോകത്ത് നിന്നും ഏറ്റവും അധികം കാലം ബഹിരാകാശ നിലയത്തില്‍ തങ്ങുന്ന ശാസ്ത്രജ്ഞനായി അല്‍ നെയാദി മാറും. ഏറ്റവും കൂടുതല്‍ കാലത്തെ ദൗത്യത്തിന് ബഹിരാകാശ ശാസ്ത്രജ്ഞനെ അയക്കുന്ന ആദ്യ അറബ് രാജ്യമെന്ന ബഹുമതി ഇതോടെ യുഎഇ-യ്ക്ക് സ്വന്തമാകും. വിക്ഷേപണത്തിന് സാക്ഷിയാകാന്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള പ്രമുഖര്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു.

Exit mobile version