ആറു കളികള്‍, 13 ഗോളുകള്‍! ഫുട്ബോള്‍ ലോകകപ്പിന്‍റെ ചരിത്രം ചികയുമ്പോള്‍ കണ്ണിലുടക്കുന്ന അവിസ്മരണീയനേട്ടത്തിന്‍റെ ഉടമയാണ് ജസ്റ്റ് ഫൊണ്ടെയ്ന്‍. ഒരൊറ്റ ലോകകപ്പിലെ ഗോൾ വേട്ടകൊണ്ട് ഇതിഹാസമായിത്തീർന്ന ഫ്രഞ്ച് ഫുട്ബാളർ ജസ്റ്റ് ഫൊണ്ടെയ്ൻ ഇനി ഓർമ്മകളിൽ ഗോളടിക്കും. 89 വയസ് വരെ ജീവിച്ച താരത്തിന്റെ വേർപാട് ഇന്നലെ കുടുംബമാണ് പുറത്തുവിട്ടത്. 1958 ലോകകപ്പിൽ മാത്രം കളിച്ച് അതിലെ ആറു മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയതാണ് ഫൊണ്ടെയ്നെ അനശ്വരനാക്കിയത്. ഫൊണ്ടെയ്ന്റെ റെക്കാഡ് 54 കൊല്ലം പിന്നിട്ടിട്ടും തകർക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. സമീപഭാവിയിലെങ്ങും അതു തകരുമെന്നു കരുതാനും വയ്യ. 1954 സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പില്‍ ഹംഗറിയുടെ സാന്‍റോര്‍ കോക്സിസ് 11 ഗോള്‍ നേടി വിസ്മയം തീര്‍ത്തിരുന്നു. അതിന്‍റെ അലയടങ്ങും മുമ്പാണ് ഫൊണ്ടെയ്ന്‍ പുതുചരിത്രമെഴുതിയത്.
രണ്ടാം സെമിയില്‍, ആതിഥേയരായ സ്വീഡനോടു തോറ്റ ജര്‍മനിയായിരുന്നു മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഫ്രാന്‍സിന്‍റെ എതിരാളികള്‍. ലൂസേഴ്സ് ഫൈനലിലിറങ്ങുമ്പോള്‍ ഫൊണ്ടെയ്ന്‍റെ പേരിലുണ്ടായിരുന്നത് ഒന്‍പതു ഗോളുകള്‍. കോക്സിസിനെക്കാള്‍ രണ്ടു ഗോള്‍ കുറവ്. പക്ഷെ, നാലു ഗോളുകള്‍ ജര്‍മന്‍ വലയിലെത്തിച്ച് ഫൊണ്ടെയ്ന്‍ വിസ്മയം തീര്‍ത്തു.
എന്തായാലും ഏറെ നാള്‍ നീണ്ടുനിന്നില്ല ഫൊണ്ടെയ്ന്‍റെ ഫുട്ബോള്‍ കരിയര്‍. 1960ല്‍ രണ്ടുവട്ടം കാലിനു പരുക്കേറ്റ താരം 1962-ല്‍ വിരമിച്ചു. പിന്നീട് അഞ്ചുവര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയെങ്കിലും രണ്ടു കളികള്‍ കൂടിയേ കളിച്ചുള്ളൂ. ഫ്രാന്‍സിനായി 21 രാജ്യാന്തര മല്‍സരങ്ങളില്‍ 30 ഗോളുകളാണ് ഇദ്ദേഹത്തിന്‍റെ സമ്പാദ്യം. ഒരു കളിയില്‍ ശരാശരി ഒന്നര ഗോളുകള്‍.
ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയവരുടെ പട്ടികയില്‍ നാലാമനാണ് ഫൊണ്ടെയ്ന്‍. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ (16), ബ്രസീലിന്‍റെ റൊണാള്‍ഡോ (15), ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) എന്നിവരാണ് മുന്നില്‍. ഒന്നോര്‍ക്കണം; ഇവരെല്ലാം രണ്ടോ അതിലധികമോ ലോകകപ്പ് ടൂര്‍ണമെന്‍റുകളില്‍ കളിച്ചാണ് ഈ ഗോളുകളടിച്ചത്. അവിടെയാണ് ഒരേയൊരു ലോകകപ്പിലെ ആറു മല്‍സരങ്ങള്‍ കൊണ്ട് ഫൊണ്ടെയ്ന്‍ ഉയര്‍ന്നു നില്‍ക്കുന്നതും.
1970ലെ മെക്സിക്കോ ലോകകപ്പില്‍ 10 ഗോള്‍ നേടിയ ജര്‍മന്‍ താരം ഗെര്‍ഡ് മുള്ളറാണ് ഒരൊറ്റ ലോകകപ്പിലെ ഗോള്‍ നേട്ടത്തിലെ മൂന്നാം സ്ഥാനക്കാരന്‍. രസകരമായ കാര്യം ഇതല്ല. ഈ മൂന്നു ഗോള്‍വേട്ടക്കാരുടെയും രാജ്യത്തിനായിരുന്നില്ല അക്കുറി ലോകകപ്പ് കിരീടം. പോര്‍ചുഗലിന്‍റെ ഇതിഹാസതാരം യൂസേബിയോയും ഗോള്‍ പട്ടികയിലുണ്ട്. 1966 ലോകകപ്പില്‍ യൂസേബിയോയുടെ പേരില്‍ കുറിക്കപ്പെട്ടത് ഒന്‍പതു ഗോളുകളാണ്. അവസാനത്തെ ഒന്‍പതു ലോകകപ്പുകളില്‍ ഒരു താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം ബ്രസീല്‍ താരം റൊണാള്‍ഡോ 2002 ല്‍ അടിച്ച എട്ടു ഗോളുകളാണ്. അതുകൊണ്ടുതന്നെയാണ് ഫൊണ്ടെയ്ന്‍റെ റെക്കോര്‍ഡ് അത്രവേഗമൊന്നും മറികടക്കപ്പെടില്ലെന്നു പറയാനാകുന്നതും. വരും കാലമെങ്കിലും ഫൊണ്ടെയ്ന്‍ കുറിച്ച 13 എന്ന മാന്ത്രികസംഖ്യ മായ്ച്ചുകളയാനാകുന്ന ജാലവിദ്യക്കാര്‍ കാൽപ്പന്ത് ലോകത്ത് ഉദിക്കുമോ എന്ന കാത്തിരിപ്പിലാണ് ലോകം.