ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടൻ; നിയമം ഏവർക്കും ബാധകമെന്ന് ഇന്ത്യയുടെ മറുപടി

ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകൾ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറുമായുള്ള ചർച്ചയിൽ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്ഡ് വിഷയം ഉന്നയിച്ചത്. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇവിടെ എത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ഇന്ത്യ മറുപടി നൽകി.

കോഴിക്കോട്ടുനിന്നുള്ള ‘ഇൻസ്റ്റഗ്രാം കാമുകി’ നാല് മക്കളുടെ അമ്മ; പൊട്ടിക്കരഞ്ഞ് 22കാരൻ
ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ.

ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ ഓഫിസുകളിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.

Exit mobile version