കാണാതായ മോഡലിന്റെ തല സൂപ്പ് പാത്രത്തില്‍; ശരീരഭാഗങ്ങള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു

പൊലീസ് കണ്ടെത്തിയ തലയില്‍ മുടിയും മാംസവും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല

ഹോങ്കോംഗ് മോഡല്‍ എബി ചോയിയുടെ കാണാതായ തല സൂപ്പ് പാത്രത്തില്‍. എബി ചോയിയുടെ ദാരുണമായ കൊലപാതകവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നാല് പേര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് തലയോട്ടി കണ്ടെത്തിയത്.

പൊലീസ് കണ്ടെത്തിയ തലയില്‍ മുടിയും മാംസവും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. തല വെട്ടിയെടുത്ത ശേഷം സൂപ്പ് പാത്രത്തിലിട്ട് നന്നായി തിളപ്പിച്ചതായി ഹോങ്കോംഗ് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഒഫ് ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലെ, വോഗ്, ഹാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ പ്രമുഖ ഫാഷന്‍ മാഗസിനുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള എബി ചോയിയെ ചൊവ്വാഴ്ചയാണ് കാണാതായത്.

മോഡലിന്റെ മുന്‍ ഭര്‍ത്താവ് അലക്‌സ് കോംഗ്, കോംഗിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ഞായറാഴ്ച പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

അതിനിടെ, മോഡലിന്റെ മറ്റു ശരീരഭാഗങ്ങള്‍ക്കായി സമീപത്തെ അഴുക്കുചാലുകളില്‍ പോലീസ് തിരച്ചില്‍ തുടരുകയാണ്. ചോയിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷം, ഒരു റഫ്രിജറേറ്ററില്‍ നിന്ന് രണ്ട് കാലുകളും മനുഷ്യന്റെ മാംസം നിറച്ച രണ്ട് പാത്രങ്ങളും പോലീസ് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇറച്ചി നുറുക്കുന്ന ഉപകരണവും ഇലക്ട്രിക് വാളും പൊലീസ് കണ്ടെത്തി.

Exit mobile version