ഗവര്‍ണര്‍-സര്‍ക്കാര്‍ കൊമ്പുകോര്‍ക്കല്‍; സിസ തോമസിനെ പദവിയില്‍നിന്ന് നീക്കി, പകരം എം.എസ് രാജശ്രീ

തിരുവനന്തപുരം: എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. മുന്‍ വി.സി. ഡോ.എം.എസ്.രാജശ്രീയെ ആണ് പകരം നിയമിച്ചിരിക്കുന്നത്.

ജോ.ഡയറക്ടര്‍ സ്ഥാനത്തിരിക്കെ സിസ തോമസിനെ കെടിയു വിസിയായി താത്കാലിമായി നിയമിച്ചത് ഗവര്‍ണറാണ്. ഈ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സുപ്രീംകോടതി നിയമനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് രാജശ്രീക്ക് വി.സി. സ്ഥാനം നഷ്ടമായത്. തുടര്‍ന്നാണ് സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുന്നത്.

താത്കാലിക സ്ഥാനത്ത് തുടരുന്ന സിസ തോമസ് തിരിച്ചെത്തുമ്പോള്‍ ഇതോടെ മുന്‍പ് കൈകാര്യം ചെയ്തിരുന്ന തസ്തിക ഇല്ലാതെ വരും. സര്‍ക്കാരിന്റെ നയങ്ങള്‍ സിസ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് അവരെ ജോയന്റ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

ജേലിയില്‍ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് നിയമനം എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും ഇതില്‍ പറയുന്നുണ്ട്.

Exit mobile version