ബ്യൂട്ടി പാർലറുകളും ടാറ്റുകേന്ദ്രങ്ങളും ഇന്റലിജന്‍സ് നിരീക്ഷണത്തിലാക്കി

മോഡേൺ കരിയറിന് പര്യായമായി കരുതുന്ന ബ്യൂട്ടി പാർലറുകളും ടാറ്റുകേന്ദ്രങ്ങളും ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്. അങ്ങനെ ആയതിനു പിന്നിൽ പറയാൻ ഒരു വലിയ കഥയുണ്ട്. ചാലക്കുടിയിലെ ഒരു സാധാരണ ബ്യൂട്ടിപാർലർ ആയിരുന്നു ഷീസ്റ്റൈല്‍. അതിന്റെ ഉടമയും നായരങ്ങാടി സ്വദേശിയുമായ ഷീല സണ്ണിയെ എല്ലാവർക്കും വിശ്വാസമായിരുന്നു. കാലങ്ങളായി ഉണ്ടാക്കിയെടുത്ത പരിചയങ്ങൾ ആ വിശ്വാസത്തിന്റെ ആക്കം കൂട്ടുക മാത്രമാണ് ഉണ്ടായത്. പക്ഷെ കഴിഞ്ഞ ദിവസം അവരുടെ കടയിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടുകയുണ്ടായി.

ഇപ്പോഴും നാട്ടുകാർക്ക് ഞെട്ടൽ മാറിയിട്ടില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം അത്രമേൽ പ്രിയങ്കരിയായിരുന്നു ഷീല സണ്ണി എന്ന ബ്യൂട്ടിഷൻ. ഇത് നമ്മെ പോലുള്ള ഒരുപാട്പേർക്ക് ഒരു പാഠമാണ്. ഒരു വ്യക്തിയെയും വിശ്വസിക്കാൻ കഴിയില്ല എന്നുള്ള പാഠം. അതിലുമുപരി, നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മനസ്സലിക്കാൻ ഒരു അവസരം കൂടിയാണ്.

എന്തായാലും പാര്‍ലര്‍ ഉടമയുടെ ലഹരി ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 12 എല്‍.എസ്.ഡി. സ്റ്റാമ്പുകളുമായി പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ 60,000 രൂപയോളം വിലവരും. ബ്യൂട്ടി പാര്‍ലറിന്റെ മറവിലാണ് 51-കാരി സിന്തറ്റിക് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബ്യൂട്ടി പാര്‍ലറുകളിലും ടാറ്റു കേന്ദ്രങ്ങളിലും എക്‌സൈസ് നിരീക്ഷണം കര്‍ശനമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാര്‍ലറും നിരീക്ഷണമുണ്ടായത്. ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന വിവരം ലഭിച്ചതോടെ ഏതാനുംദിവസങ്ങളായി കടയും കടയുടമയും കര്‍ശനമായ നിരീക്ഷണത്തിലായിരുന്നു.

നിരീക്ഷണം തുടരുന്നതിനിടെ ചിലര്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഒരുപാട് സമയം ചിലവഴിക്കുന്നതും എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞദിവസം 12 സ്റ്റാമ്പുകളുമായി ഷീലയെ കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടറില്‍ ബാഗില്‍ ഒളിപ്പിച്ചനിലയിലാണ് സ്റ്റാമ്പുകള്‍ കണ്ടെടുത്തത്. ഇവരുടെ സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സതീശന്‍, പ്രീവന്റീവ് ഓഫീസര്‍മാരായ ജയദേവന്‍, ഷിജു വര്‍ഗീസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. രജിത, സി.എന്‍. സിജി, ഡ്രൈവര്‍ ഷാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കടയില്‍ വരുന്ന യുവതികള്‍ക്ക് ഉള്‍പ്പെടെ മയക്കുമരുന്ന് വിറ്റിരുന്നതായാണ് എക്‌സൈസിന് ലഭിച്ചവിവരം. ബ്യൂട്ടി പാര്‍ലറില്‍ ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതിലും ഇടയ്ക്കിടെ വരുന്നതിലും ആരും സംശയിക്കില്ല എന്നത് പ്രതിക്ക് കൂടുതല്‍ സഹായകരമായെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിശദമായ അന്വേഷണത്തിനായി കേസ് എക്‌സൈസ് അസി. കമ്മീഷണര്‍ക്ക് കേസ് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version